പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
1459208
Sunday, October 6, 2024 3:16 AM IST
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും തുടര്‍ന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിനു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജില്ലയിലെ നാലു സ്കൂളുകളില്‍ അടക്കം സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍മിച്ച പുതിയ കെട്ടിട സമുച്ചയങ്ങളുടെയും സ്മാര്‍ട്ട് ക്ലാസുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു മുഖ്യമന്ത്രി.
2022ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 60 ലക്ഷത്തോളം കുട്ടികളാണ് സ്കൂള്‍ വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. അതില്‍ 45 ലക്ഷത്തോളം കുട്ടികള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്. അതായത്, 80 ശതമാനത്തോളം കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസരംഗത്തെ വമ്പിച്ച പങ്കാളിത്തം നമ്മുടെ വിദ്യാഭ്യാസ മാതൃകയുടെ ഉന്നത നിലവാരത്തിന്റെ ദൃഷ്ടാന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
10.51 കോടി രൂപ ചെലവഴിച്ചാണ് നിലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെയും നവകേരളം കര്‍മപദ്ധതി രണ്ടു വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയതായി 30 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.
മുന്നുകോടി രൂപ കിഫ്ബി ധനസഹായത്തോടെ എട്ടു സ്കൂള്‍ കെട്ടിടങ്ങളും ഒരുകോടി രൂപ കിഫ്ബി ധനസഹായത്തോടെ 12 സ്കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്. 12 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
കിഫ്ബി ഫണ്ടില്‍ മൂന്നു കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തോട്ടപ്പള്ളി നാലു ചിറ ഗവ. ഹൈസ്കൂള്‍ കെട്ടിടം, കിഫ്ബിയുടെ 1 കോടി 30 ലക്ഷം രൂപ ധനസഹായത്തില്‍ നിര്‍മിച്ച കുന്നം ജിഎച്ച്എസ്എസ് കെട്ടിടം, നെടുമ്പ്രക്കാട് ജി യുപി എസ് കെട്ടിടം, പയ്യനല്ലൂര്‍ ഗവ. എല്‍പി സ്കൂള്‍ കെട്ടിടം എന്നിവയാണ് ജില്ലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
നെടുമ്പ്രക്കാട് ഗവ. യുപി സ്കൂളില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. പ്രസാദും തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ എച്ച്. സലാം എംഎല്‍എയും മാവേലിക്കര കുന്നം ജിഎച്ച്എസ്എസില്‍ എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എയും ശിലാഫലകം അനാച്ഛാദനവും നടത്തി.