ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ കെട്ടിയിട്ട് മർദിച്ചു
1459205
Sunday, October 6, 2024 3:16 AM IST
മാങ്കാംകുഴി: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ബംഗളൂരുവിലെ ശുശ്രുതി നഴ്സിംഗ് കോളജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയായ മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ ആദിൽ ഷിജി (19)യെയാണ് ക്രൂരമായി മർദിച്ചത്.
രക്ഷപ്പെട്ടെത്തിയ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിലിനെ മൂന്നിന് ഉച്ചകഴിഞ്ഞ് നഴ്സിംഗ് കോളജിന്റെ ഏജൻ്റുമാരായ റാന്നി സ്വദേശി റെജി ഇമ്മാനുവൽ,നിലമ്പൂർ സ്വദേശി അർജുൻ പുതുപ്പറമ്പിൽ എന്നിവരും മറ്റൊരു ഉത്തരേന്ത്യക്കാരനും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
ഒന്നാം സെമസ്റ്ററിന്റെ ഹാൾ ടിക്കറ്റ് വന്ന സമയത്താണ് രജിസ്ട്രേഷൻ ഈ കോളജിലല്ല ഇവിടെനിന്ന് 130 കി. മീ അകലെയുള്ള പൂർണ പ്രഗ്ന എന്ന കോളജിലാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിവരം സുശ്രുതി കോളജ് മാനേജ്മെൻ്റിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു.
കൂടാതെ ഈ വർഷം അഡ്മിഷൻ തേടിയെത്തിയ ഒന്നാം വർഷ വിദ്യാർഥികളെ ആദിൽ ബംഗളൂരുവിലെ ആർ.ആർ. കോളജിൽ അഡ്മിഷൻ എടുത്ത് നൽകിയെന്നും പറഞ്ഞാണ് ആദിലിനെയും കൂട്ടുകാരനെയും ഓഫീസിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. നാലു മണിക്കൂറോളം തന്നെ ക്രൂരമർദനത്തിന് ഇരയാക്കിയതായി ആദിൽ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ഭീഷണിപ്പെടുത്തി മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടു വാങ്ങിയെന്നും മർദ്ദിച്ച വിവരം പുറത്ത് പറഞ്ഞാൽ മയക്കുമരുന്ന് കേസിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നഗ്ന ചിത്രം പകർത്തിയെന്നും ആദിൽ പറഞ്ഞു.
വീട്ടുകാരെ വിവരമറിയിച്ചതിനെതുടർന്ന് ഇന്നലെ രാവിലെ തിരികെ നാട്ടിലെത്തിയ ശേഷം ബന്ധുക്കൾ ആദിലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എക്സ് റേ, അൾട്രാ സൗണ്ട് സ്കാനിംഗ് പരിശോധനകളും നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് എംപി, എച്ച്. സലാം എംഎഎ, എം.എസ്. അരുൺ കുമാർ എംഎൽഎ എന്നിവർ ബന്ധുക്കളെ വിളിച്ച് പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ഇടപെടൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.