നായ്ക്കളുടെ വിളയാട്ടം ബൈക്ക് യാത്രികർക്കു ഭീഷണി
1453931
Tuesday, September 17, 2024 11:28 PM IST
തുറവൂർ: ദേശീയപാതയിലും വിവിധ മേഖലകളിലും ജനങ്ങളുടെ ജീവനു ഭീഷണിയായി തെരുവു നായ ശല്യം രൂക്ഷമാവുന്നു. മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തെരുവോരത്ത് നിക്ഷേപിക്കുന്നതിനാൽ നായ്ശല്യം രൂക്ഷമാകുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ പാർപ്പിടകേന്ദ്രങ്ങൾക്ക് സമീപവും തെരുവുനായ്ക്കൾ ജനജീവിതത്തിനു ഭീഷണിയായ് വളരുകയാണ്.
അരൂർ, ചന്തിരൂർ പഴയപാലം, ബസ് സ്റ്റോപ്പ്, ചന്തിരൂർ സ്കൂൾ, എഴുപുന്ന, കുത്തിയതോട്, തുറവൂർ, ചാവടി, പള്ളിത്തോട്, അന്ധകാരനഴി, പട്ടണക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ കടിപിടി കൂടുകയും വാഹനങ്ങളുടെ സഞ്ചാരത്തിനു ഭീഷണിയായും വഴിയാത്രക്കാരെ ആക്രമിച്ചും ഇവ ജനങ്ങൾക്കു ഭീഷണിയായി മാറിയിട്ടും അധികൃതർ യാതൊരു വിധ നടപടിയും എടുക്കുന്നില്ല.
ആകാശപാത നിർമാണമേഖലയിലും നായ്ക്കുട്ടങ്ങൾ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്. തീരദേശ റോഡിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മത്സ്യതൊഴിലാളികൾക്ക് രാത്രികാലങ്ങളിൽ കടലിൽ പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്.
ഇതിനോടകം നിരവധിപേരെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചിട്ടുള്ളത്. ചേർത്തല താലൂക്കിന്റെ വടക്കൽ മേഖലയിലെ രൂക്ഷമായ നായ്ശല്യത്തിനെതിരേ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.