വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി
1453927
Tuesday, September 17, 2024 11:28 PM IST
കായംകുളം: വീട്ടുകാരെ ഭീതിയിലാഴ്ത്തി വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖൻ പാന്പിനെ ഒടുവിൽ പിടികൂടി. ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശേരി കിഴക്കതിൽ മുജീബിന്റെ വീട്ടിലാണ് മൂർഖൻ പാമ്പ് കയറിയത്. വീടിനുള്ളിൽ കയറിയ പാമ്പ് അടുക്കളയിലാണ് ഒളിച്ചിരുന്നത്. 13 വയസ് പ്രായവും ആറടി നീളവും അഞ്ചര കിലോ തൂക്കവുള്ള മൂർഖൻ പാമ്പ് രണ്ടു ദിവസമായി വീടിനുള്ളിൽ കയറി വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ അടുക്കള വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോൾ വീട്ടുകാർക്കുനേരെ പത്തി വിടർത്തി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് കൊല്ലത്തുനിന്നു എത്തിയ റെസ്ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടുകയായിരുന്നു.