കായംകുളം നഗരസഭയിലെ അഴിമതി ആരോപണം: വിജിലൻസ് അന്വേഷണം പൂർത്തിയായി
1452591
Wednesday, September 11, 2024 11:33 PM IST
കായംകുളം: പച്ചക്കറികൃഷിക്കായി വിത്തും ചട്ടിയും നൽകിയതിൽ 18 ലക്ഷത്തോളം രൂപ കായംകുളം നഗരസഭയ്ക്ക് നഷ്ടമുണ്ടായെന്നും ഗുണനിലവാരമില്ലാത്ത ചട്ടി വിതരണം ചെയ്തെന്നുമുള്ള ആരോപണത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി.
നഗരസഭയിലെ ഓരോ വാർഡിലും 50 വീട്ടിലേക്ക് വീതം ചട്ടിയും പച്ചക്കറി വിത്തും ചട്ടിയിൽ നിറയ്ക്കാനുള്ള വളവും ചെമ്മണ്ണും നൽകുന്നതായിരുന്നു പദ്ധതി. നഗരസഭയിലെ സ്ഥിരസമിതി വഴി കൃഷിവകുപ്പിലൂടെ നടപ്പിലാക്കിയ പദ്ധതിയാണ് ക്രമക്കേട് ആരോപണത്തിൽ മുടങ്ങിയതും വിജിലൻസ് അന്വേഷിച്ചതും. ആരോപണത്തിനാധാരമായ വിവരങ്ങളെല്ലാം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
പച്ചക്കറി വിത്ത് നിറയ്ക്കേണ്ട ചട്ടികൾക്ക് ഗുണനിലവാരമില്ലെന്നായിരുന്നു തുടക്കത്തിൽ ആരോപണം ഉയർന്നത്. നഗരഭരണ നേതൃത്വത്തിലും ഇതുസംബന്ധിച്ച് അഭിപ്രായഭിന്നത ഉയർന്നിരുന്നു. 2022, 2023 പദ്ധതി കാലയളവിലാണ് പദ്ധതി നടപ്പിലാക്കിയത്.
രജിസ്ട്രേഡ് സ്ഥാപനങ്ങളിൽ നിന്ന് ചട്ടി വാങ്ങണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അതിന് തയാറാകാതെ വഴിവക്കിൽ വിൽപനയ്ക്കു വച്ചിരുന്ന ചട്ടികൾ വാങ്ങി ഗുണ ഭോക്താക്കൾക്ക് നൽകിയതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതേപ്പറ്റിയും വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയിരുന്നു.
ചെങ്ങന്നൂരിലുള്ള ഒരു ഏജൻസി വഴിയാണ് പച്ചക്കറി വിത്തു കളും ചട്ടികളും വിതരണം ചെയ്യാൻ കൃഷിവകുപ്പ് വഴി നിർദേശം നൽകിയത്. ഇതിനുള്ള തുക നഗരസഭയിൽനിന്ന് കൃഷി വകുപ്പിന് കൈമാറിയെങ്കിലും യഥാസമയം ഏജൻസിക്ക് നൽകാതിരുന്നതിനാൽ നഗരസഭയ്ക്ക് 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.
അനുവദിച്ച തുക നിർദേശിച്ച ഏജൻസിക്ക് കൈമാറാൻ വൈകിയതിനാൽ പദ്ധതി പണം ചെലവഴിക്കാതെ കിടന്ന് സ്പിൽ ഓവറായി കണക്കാക്കി നഗരസഭ ഫണ്ടിൽനിന്ന് അടുത്തവർഷം തുക ഈടാക്കിയതാണ് നഗരസഭയ്ക്കുണ്ടായ നഷ്ടം.