പക്ഷിപ്പനി: ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
1452588
Wednesday, September 11, 2024 11:33 PM IST
ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും പുനര്‍വ്യാപനം തടയുന്നതിനും വേണ്ടി രോഗബാധിത മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഗസറ്റ് വിജ്ഞാപനത്തിലുടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയെ പൂര്‍ണമായി പക്ഷിപ്പനിബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത ഗസറ്റ് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
യോഗത്തില്‍ 2024 ഡിസംബര്‍ 31വരെ ഹാച്ചറികളുടെ പ്രവര്‍ത്തനം നിർത്തിവയ്ക്കുന്നതിനും എല്ലാത്തരം വളര്‍ത്തുപക്ഷികളെ ജില്ലയില്‍നിന്ന് പുറത്തേക്കും മറ്റു ജില്ലകളില്‍നിന്ന് ആലപ്പുഴ ജില്ലയുടെ അകത്തേക്കുമുള്ള കടത്ത് പൂര്‍ണമായി തടയുന്നതിനും തീരുമാനമായിട്ടുണ്ട്.
പോലീസും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളില്‍ നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ഹാച്ചറികളില്‍ വിരിയിക്കുവാന്‍ വച്ചിരിക്കുന്ന മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഈ ഉത്തരവിനുശേഷം വിരിയിക്കുവാനായി വയ്ക്കുന്ന മുട്ടകള്‍ നഷ്ടപരിഹാരം നല്‍കാതെ നശിപ്പിക്കുന്നതാണ്. ജില്ലയില്‍ നിലവില്‍ വളര്‍ത്തുപക്ഷികളുള്ള കര്‍ഷകര്‍ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം അവയെ വളര്‍ത്തേണ്ടതും അവയുടെ മാംസവും മുട്ടകളും ജില്ലയില്‍ തന്നെ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കേണ്ടതുമാണ്. പുതിയതായി പക്ഷികളെ വളര്‍ത്താനോ മുട്ടകള്‍ വിരിയിക്കുവാനോ പാടുള്ളതല്ല.
ആലപ്പുഴ ജില്ല വഴിയുള്ള വളര്‍ത്തു പക്ഷികളുടെ കടത്ത് ഇനി ഒരു ഉത്തരവ് ഉണ്ടാക്കുന്നതു വരെ നിരോധിച്ചിട്ടുണ്ട്. ജില്ലയുടെ ഭക്ഷ്യാവശ്യത്തിനായി സംസ്ക്കരിച്ച കോഴി/താറാവ് ഇറച്ചി മറ്റു ജില്ലകളില്‍നിന്ന് കൊണ്ടുവരാവുന്നതാണ്. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2009 ലെ മൃഗങ്ങളുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്. മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫീസര്‍ ഡോ.പി.വി. അരുണോദയ, ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.