വിടപറഞ്ഞത് കോൺഗ്രസിലെ മികച്ച സംഘാടകൻ
1443785
Sunday, August 11, 2024 2:28 AM IST
കായംകുളം: കോൺഗ്രസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ്. ബാബുരാജിന്റെ വേർപാട് കായംകുളത്ത് കോൺഗ്രസ് രാഷ്ട്രീയത്തിന് തീരാനഷ്ടമായി. അദ്ദേഹത്തിന്റെ വേർപാടിലൂടെ ജില്ലയിലെ കോൺഗ്രസ് നേതൃനിരയിലെ മികച്ച സംഘാടകനെയാണ് നഷ്ടമായത്.
കെഎസ്യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തി കഴിവ് തെളിയിച്ച രാഷ്ട്രീയനേതാവായിരുന്നു ബാബുരാജ്. കായംകുളത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സംഘടനയെ ശക്തമായി നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടിലേറെ യുഡിഎഫ് കൺവീനർ സ്ഥാനം വഹിച്ചു. ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനെന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് 30 കോടിയോളം രൂപ ഗ്രാന്റായി നേടിയെടുത്തിരുന്നു.
മില്ലിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഇതുവഴി സാധിച്ചു. ദക്ഷിണ റെയിൽവേ കൺ സൽറ്റേറ്റീവ് കമ്മിറ്റി അംഗമായിരിക്കെ കായംകുളം റെയിൽവേ സ്റ്റേഷന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് നേതൃത്വവു മായി അടുത്ത ബന്ധം പുലർത്തി യിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, മന്ത്രി സജി ചെറിയാൻ എഐസിസി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, വിശ്വനാഥ പെരുമാൾ നേതാക്കളായ വി.എം. സുധീരൻ, പന്തളം സുധാകരൻ, ജോസഫ് എം. പുതുശേരി, കെ.പി ശ്രീകുമാർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചു. ഇന്നു രാവിലെ 9ന് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. 11ന് പുതിയിടം ബ്രഹ്മ വിദ്യാമന്ദിരത്തിൽ സംസ്കരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എംപി യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവർ അനുശോചിച്ചു.