നഗരസഭ ഭൂമി അനുവദിച്ചാൽ ആയുർവേദ ആശുപത്രി: എംഎൽഎ
1443493
Saturday, August 10, 2024 12:00 AM IST
മാവേലിക്കര: അമ്പതു സെന്റ് ഭൂമി നഗരസഭ അനുവദിച്ചാൽ മാവേലിക്കര നഗരത്തിൽ അത്യാധുനിക സംവിധാനമുള്ള പുതിയ സർക്കാർ ആയുർവേദ ആശുപത്രി സ്ഥാപിക്കാനാകുമെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു. മാവേലിക്കരയെ ആയുർവേദ ചികിത്സയുടെ ഹബ്ബ് ആക്കുന്ന നിലയിലേക്കു മാറ്റാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
പുതിയ ആശുപത്രി കെട്ടിടത്തിന് അഞ്ചുകോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ, നഗരസഭയിൽ വെള്ളൂർ കുളത്തിനു സമീപം നിലവിൽ ഗവ. ആശുപത്രി കെട്ടിടം നിൽക്കുന്ന സ്ഥലം ബഹുനില മന്ദിരത്തിന് അനുയോജ്യമല്ല.
ഭാവിയിലെ തുടർവികസനത്തിനും സാധ്യത കുറയും. എംഎൽഎയുടെ ആവശ്യപ്രകാരം നഗരസഭയിൽ കണ്ടിയൂർ കാളച്ചന്തയിൽ നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലെ 30 സെന്റ് സ്ഥലം, ആശുപത്രി കെട്ടിടം നിർമിക്കാൻ അനുവദിച്ചിരുന്നു. 20 സെന്റ് ഭൂമികൂടി അനുവദിച്ചു കിട്ടിയാൽ പഞ്ചകർമ ചികിത്സയും മറ്റ് ആധുനിക ആയുർവേദ ചികിത്സകളും അടക്കമുള്ള സംവിധാനങ്ങളോടെ പുതിയ ആയുർവേദ ആശുപത്രി കെട്ടിടം നിർമിക്കാൻ കഴിയും.
വിദേശ ടൂറിസ്റ്റുകളെ അടക്കം ഇവിടേക്ക് ആകർഷിക്കുന്ന നിലയിൽ ആശുപത്രിയെ വളർത്തിയെടുക്കാനാകും.
പദ്ധതി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി. ശ്രീകുമാർ, ഐഎസ്എം ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, കെ. മധുസൂദനൻ, എൽ. ജെ. ലിജ, ഡോ.പി.ആർ. സലാജ്കുമാർ, ഡോ. ഷീജ, എം.ജി. ലൈജ, ജെ. റംലബീവി, ചാന്ദ്നി ഉണ്ണികൃഷ്ണൻ, ബിന്ദു സി. ഏലിയാസ്, ഒ. സിന്ധു എന്നിവർ പങ്കെടുത്തു.