എലിവേറ്റഡ് ഹൈവേ: യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു
1442867
Wednesday, August 7, 2024 11:21 PM IST
കായംകുളം: എലിവേറ്റഡ് ഹൈവേ നിർമിക്കാതെ ദേശീയപാതയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അശാസ്ത്രീയ രീതിയിലാണെന്ന് ആരോപിച്ച് കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കോൺഗ്രസ് ഭവനിൽനിന്നു പ്രകടനമായെത്തിയ പ്രവർത്തകർ ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിശ്വസമുദ്രയുടെ യാർഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ശേഷം കുത്തിയിരുന്ന് ദേശീയപാത ഉപരോധിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന യാർഡിന്റെ മുൻവശത്ത് സ്ഥാപിച്ച പോലീസ്ബാരിക്കേഡ് മറികടന്ന പ്രവർത്തകർ പ്രവർത്തനം നടക്കുന്ന യാർഡിലേക്ക് ഇരച്ചു കയറി. പോലീസും പ്രവർത്തകരും തമ്മിൽ മണിക്കൂറുകൾ നീണ്ട ഉന്തും തള്ളും ഉണ്ടായി.
തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. കറ്റാനം ഷാജി, വിശാഖ് പത്തിയൂർ, അജിമോൻ കണ്ടല്ലൂർ, നൗഫൽ ചെമ്പകപള്ളി, ഷമീം ചീരാമത്ത് എന്നിവർ പ്രസംഗിച്ചു.