കായംകുളം ദേശീയപാതയിൽ അടിപ്പാത നിർമാണം തടഞ്ഞ് സമരസമിതി
1438288
Monday, July 22, 2024 11:41 PM IST
കായംകുളം: തൂണിൽ തീർത്ത ഉയരപ്പാത നിർമിക്കണമെന്നാവശ്യവുമായി പ്രതിഷേധം ശക്തമായി നിലനിൽക്കുന്ന കായംകുളത്ത് ദേശീയപാതയിൽ പുനരാരംഭിക്കാൻ ശ്രമിച്ച അടിപ്പാത നിർമാണം സമര സമിതിയുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. കളക്ടറുടെ നിർദേശാനുസരണമാണ് നിർമാണം ആരംഭിച്ചതെന്ന് ദേശീയപാതാ അധികൃതർ വ്യക്തമാക്കി. കളക്ടർ കൂടി എതിർകക്ഷിയായ ജനകീയ സമരസമിതിയുടെ ഹൈക്കോടതിയിലുള്ള ഹർജി നിലനിൽക്കുമ്പോഴും കേന്ദ്രമന്ത്രിയുടെ നിർദേശാനുസരണം നിയോഗിച്ച വിദഗ്ധ സമിതി സ്ഥലം സന്ദർശിക്കുകയോ പഠന റിപ്പോർട്ട് തയാറാക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ കളക്ടറുടെ നടപടി ദുരൂഹമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
വിഷയത്തിൽ ശാശ്വത പരിഹാരം വരും വരെ പ്രശ്ന സ്ഥലങ്ങളിൽ നിർമാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത്, കൗൺസിലർ കെ. പുഷ്പദാസ്, പാലമുറ്റത്ത് വിജയകുമാർ, കൃഷ്ണകുമാർ രാംദാസ്, യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബു, ഹരിഹരൻ, അജീർ യൂനസ്, സജീർ കുന്നുകണ്ടം, സിയാദ് മണ്ണാമുറി, അനസ് ഇല്ലിക്കുളം, നാസർ പടനിലത്ത്, സത്താർ, സലീം, എ. എ. നിഹാസ്, ഹരികുമാർ അടുക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.