വേഴപ്ര-എടത്വ റോഡ് തകർന്നു
1438287
Monday, July 22, 2024 11:41 PM IST
രാമങ്കരി: വെള്ളമൊന്നു പൊങ്ങിയിറങ്ങിയപ്പോൾ റോഡ് നിറയെ പാതാളക്കുഴികൾ. വേഴപ്ര-എടത്വ റോഡിലാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ രൂപപ്പെട്ടത്. വേഴപ്ര പള്ളി കുരിശടിക്കു സമീപം മുതൽ കൊടുപ്പുന്ന പള്ളിവരെയുള്ള ദൂരം താണ്ടണമെങ്കിൽ ഒന്നും രണ്ടുമല്ല നിരവധി കുഴികളിലൂടെ കയറിയിറങ്ങി നടുവൊടിഞ്ഞുവേണം ലക്ഷ്യസ്ഥാനത്തെത്താൻ.
മഴ ശക്തമായപ്പോൾ റോഡിലെ ടാറിംഗ് ഇളകിത്തുടങ്ങി. വെള്ളപ്പൊക്കമായതോടെ വാഹനങ്ങൾ ഓടി റോഡ് പലഭാഗങ്ങളും ഒലിച്ചുപോയി. ഈ ഭാഗങ്ങളിൽ റോഡിൽ മുട്ടോളം വെള്ളം പൊങ്ങി. വെള്ളക്കെട്ടു മൂലം ചെറിയ വാഹനങ്ങൾക്കു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
ടാറിംഗ് ഇളകി റോഡ് പലയിടത്തും ഒലിച്ചുപോയിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ലെന്നു യാത്രക്കാരും നാട്ടുകാരും പറയുന്നു.
മഴ പെയ്താൽ
തീർന്നു
മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുന്പോൾ കുഴിയുടെ ആഴം മനസിലാകാതെ കുഴിയിൽ വീണ് അപകടം ഉണ്ടാകാൻ സാധ്യതയേറയാണ്. ബൈക്ക് യാത്രികർക്കാണ് ഇതുമൂലം ഏറെ അപകടമുണ്ടാകുന്നത്. വാഹനം കുഴിയിൽ വീണു കേടുപാടുകൾ സംഭവിക്കുന്നതായി യാത്രക്കാർ ആരോപിക്കുന്നു. അടിയന്തരമായി കുഴികൾ നികത്തി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തീർഥാടന
കേന്ദ്രത്തിലേക്കുള്ള വഴി
തീർഥാടകർ കൂടുതലായി ഉപയോഗിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. തീർഥാടന കേന്ദ്രങ്ങളായ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിനാണ് ഈ ദുരവസ്ഥ.
ടാറിംഗ് നടന്നിട്ട്
ആറുമാസം
റോഡിന്റെ ടാറിംഗ് നടത്തി ആറുമാസം തികയുന്നതിനു മുന്പേ റോഡ് തകർന്നു തരിപ്പണമായി. ഒറ്റ മഴയിൽതന്നെ റോഡിന്റെ പല ഭാഗങ്ങളിലെയും മെറ്റൽ ഇളകി ചെറിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി. മഴ ശക്തമാകുകയും റോഡിൽ വെള്ളം കയറുകയും ചെയ്തപ്പോൾ കുഴികളുടെ വലിപ്പം കൂടി.
പല ഭാഗങ്ങളിലും സമീപമുള്ള പാടശേഖരത്തിലേക്കു ടാറിംഗും മെറ്റലും ഒളിച്ചുപോയി. ഒന്നോ രണ്ടോ ദിവസം മഴ പെയ്താൽ റോഡിൽ വെള്ളം കയറും. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.
വെള്ളം കയറുന്ന സ്ഥലങ്ങൾ ഉയർത്തി ടാറിംഗ് നടത്തണമെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.
റീ ടാറിംഗിനായി
ആറുകോടി
വേഴപ്ര മുതൽ കൊടുപ്പുന്ന പള്ളിവരെയുള്ള 4.400 കി.മീറ്റർ റോഡ് റീ ടാറിംഗിനായി ആറുകോടി രൂപയുടെ എസ്റ്റിമേറ്റ് ആയിട്ടുണ്ട്. ടെൻഡൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിക്കുമെന്ന് എടത്വ ഡിവിഷൻ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.