നാളുകളായി പോലീസിനെ വട്ടംചുറ്റിച്ച സൈക്കിൾ മോഷ്ടാവ് പിടിയിൽ
1437073
Thursday, July 18, 2024 10:34 PM IST
ഹരിപ്പാട്: നാളുകളായി പോലീസിനെ വട്ടംചുറ്റിച്ച സൈക്കിൾ മോഷ്ടാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ നാരാത്ത് ദേവനുരാഗി വീട്ടിൽനിന്നു വീയപുരം വില്ലേജിൽ വെള്ളംകുളങ്ങര കുന്നത്ര വടക്കത്തിൽ താമസിക്കുന്ന രാജപ്പനാണ് (61) ഹരിപ്പാട് പോലീസിന്റെ വലയിലായത്.
ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സൈക്കിൾ മോഷണം പോകുന്നതു പതിവായിരുന്നു. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിക്ക സൈക്കിളും മോഷ്ടിച്ചത് ഒരാളാണെന്നു മനസിലായി.
ബുധനാഴ്ച ഹരിപ്പാട് റെയിൽവേ പരിസരത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടുന്നത്.
ഇയാൾ സൈക്കിൾ വിൽക്കുന്ന മൂന്നു കടകളിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ അടുത്തിടയായി 15 സൈക്കിൾ കൊടുത്തതായി കടക്കാർ പറഞ്ഞു. ഏതാനും സൈക്കിളുകൾ കടകളിൽനിന്നു പോലീസ് കണ്ടെടുത്തു.
ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ പ്രിയ, സിപിഒമാരായ അജയൻ, സനീഷ്, ശ്യാം, എ. നിഷാദ്, അൽ അമീൻ, രതീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടിക്കൂടിയത്.