അപ്പര്‍ കുട്ടനാട്ടില്‍ മഴയ്ക്കു നേരിയ ശമനം; ജലനിരപ്പ് കുറയുന്നില്ല
1437071
Thursday, July 18, 2024 10:34 PM IST
എടത്വ: അപ്പര്‍കുട്ടനാട്ടില്‍ മഴയ്ക്കു നേരിയ ശമനം ലഭിച്ചെങ്കിലും ജലനിരപ്പ് കുറയുന്നില്ല. നാലു ദിവസങ്ങളായി നീണ്ടുനിന്ന പെരുമഴയ്ക്കാണ് ഇന്നലെ പകല്‍ നേരിയ ശമനം ലഭിച്ചത്. തലവടി, മുട്ടാര്‍ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ക്യാമ്പുകളിലേക്കു മാറി. തലവടി പഞ്ചായത്തില്‍ രണ്ടു ക്യാമ്പുകള്‍ തുറന്നു. നീരേറ്റുപുറം പുത്തന്‍പറമ്പ് ബില്‍ഡിംഗിലും മണലേല്‍ സ്കൂളിലുമാണ് ക്യാമ്പ് തുറന്നത്. 75 ഓളം കുടുംബങ്ങള്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ട്. കുന്നുമ്മാടി-കുതിരച്ചാല്‍ പ്രദേശത്തെ താമസക്കാരാണ് അധികവും ക്യാമ്പുകളിലേക്കു മാറിയത്.
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ കാര്യമായി മഴ പെയ്യാത്ത സാഹചര്യത്തില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവും കുറഞ്ഞിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവും മഴയും കുറഞ്ഞതോടെ നിരണം, തലവടി പ്രദേശങ്ങളില്‍ നേരിയ തോതില്‍ വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം ആയാപറമ്പ്, കരുവാറ്റ, തകഴി പഞ്ചായത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം നേരിയ തോതില്‍ വെള്ളം ഉയര്‍ന്നെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ്.
തലവടിയില്‍ നൂറോളം വീടുകളിലും മുട്ടാറ്റില്‍ അറുപതിലേറെ വീടുകളിലും വെള്ളം കയറിയിരുന്നു. വീടുകളില്‍ കയറിയ വെള്ളം ഒഴുകി മാറിയിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് കടത്തിവിടുന്നതാണ് അപ്പര്‍ കുട്ടനാട്ടില്‍ സ്ഥിതി നിയന്ത്രണ വിധേയമായത്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നീട്ടിയതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. മഴ വീണ്ടും കനത്താല്‍ സ്ഥിതി സങ്കീര്‍ണമായി തീരും. കുട്ടനാട്ടില്‍ മാത്രമല്ല കിഴക്കന്‍ മേഖലയില്‍ പോലും മഴ ശക്തി പ്രാപിച്ചാല്‍ പമ്പാ, മണിമല, അച്ചന്‍കോവിലാറുകള്‍ വഴി ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടില്‍ പ്രളയ സമാനമായി തീരും. നിലവിലുള്ള സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാട്ടിലെ നിരവധി വീടുകളും പ്രധാന റോഡുകളും ഇടറോഡുകളും മുങ്ങിയിട്ടുണ്ട്.
റോഡുകളില്‍ വെള്ളംകയറിയതിനെതുടര്‍ന്ന് പലയിടത്തും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. സ്കൂളുകള്‍ക്ക് ഇന്നലെ അവധി നല്കിയില്ലെങ്കിലും ഒട്ടുമിക്ക സ്കൂളുകളിലും ഹാജര്‍ നില കുത്തനെ കുറഞ്ഞു. വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് സ്കൂളുകളില്‍ എത്തിയത്.
ഗ്രാമീണ റോഡുകള്‍ മുങ്ങിയതോടെ കുട്ടികളെ സ്കൂളിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. താഴ്ന്ന പ്ദേശങ്ങളിലെ ഇടറോഡുകള്‍ ഇപ്പോഴും മുട്ടോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഇന്നലെ വൈകിട്ടോടെ അപ്പര്‍ കുട്ടനാടിന്റെ ചില മേഖലയില്‍ ആശങ്ക സൃഷ്ടിച്ച് വീണ്ടും മഴ പെയ്തിരുന്നു. പൊതുവേ കുട്ടനാട്ടില്‍ മഴ അല്പം ശമിച്ചെങ്കിലും മഴക്കെടുതിക്ക് ശമനമില്ലാതെ തുടരുകയാണ്.
വെള്ളക്കെട്ടിൽ
വലഞ്ഞ് ഒരു പ്രദേശം
അമ്പലപ്പുഴ: വെള്ളക്കെട്ടിൽ വലഞ്ഞ് ഒരു പ്രദേശം. ഇരട്ടക്കുളങ്ങര പെട്രോൾ പമ്പിനു പടിഞ്ഞാറു വശത്തുള്ള 15 ഓളം കുടുംബങ്ങളാണ് മാസങ്ങളായി ഇതിന്റെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ചെറുമഴയിൽപ്പോലും അരയ്ക്കൊപ്പം വെള്ളമാണ് ഈ പ്രദേശത്ത്. ഓടയില്ലാത്തതിനാൽ വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് ഈ ദുരിതത്തിനു കാരണം.
ഇതുമൂലം വീടുകളിൽ ഭക്ഷണം പാചകം ചെയ്യാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ്. വിദ്യാർഥികൾ നീന്തിയാണ് സ്കൂളുകളിലേക്ക് പോകുന്നത്.
കിഴക്കു ഭാഗത്തുനിന്നു ഒഴുകിയെത്തുന്ന മലിനജലം കെട്ടിനിന്നു കൊതുകുകൾ പെരുകി വൻ പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയുണ്ടായിട്ടും ആരോഗ്യവകുപ്പ് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സമീപത്തെ മത്സ്യമാർക്കറ്റിൽനിന്നുള്ള മലിനജലവും ഇവിടെ കെട്ടിക്കിടക്കുന്നതുമൂലം അതിരൂക്ഷമായ ദുർഗന്ധവുമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ഫയർഫോഴ്സിനെ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.