ട്രോളിംഗും പക്ഷിപ്പനിയും: മീനിനും പച്ചക്കറിക്കും കൈപൊള്ളും വില
1430469
Thursday, June 20, 2024 10:56 PM IST
ആലപ്പുഴ: ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യബന്ധനത്തിനു പോകുന്ന ചെറുവള്ളക്കാര്‍ക്ക് മീന്‍ ലഭിക്കുമെന്ന് കരുതിയത് വെറുതെ. ഒരാഴ്ചയിലേറെയായി കടലിലിറക്കുന്ന വള്ളങ്ങള്‍ക്ക് മീന്‍ ലഭിക്കാതായതോടെ വള്ളങ്ങള്‍ തീരത്ത് അടുപ്പിച്ചു. ട്രോളിംഗ് നിരോധനം വന്നതോടെ ചെറുവള്ളങ്ങള്‍ക്ക് മത്സ്യം ലഭിക്കുമെന്നായിരുന്നു വള്ളക്കാരുടെ പ്രതീക്ഷ.
ഇന്നലെ അര്‍ത്തുങ്കല്‍ മുതല്‍ ചാപ്പക്കടവ് വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് കുറച്ച് ചെമ്മീനും നന്തന് അടക്കമുള്ള ചെറുമീനുകളും മാത്രം. പക്ഷിപ്പനിയും ട്രോളിംഗ് നിരോധനവും ഒരുമിച്ചുവന്നതോടെ മീനിനു തീവിലയായി.
ട്രോളിംഗ് ബോട്ടുകള്‍ കരയ്ക്കു കയറിയപ്പോള്‍ പ്രതീക്ഷയോടെ പരമ്പരാഗത വള്ളമിറക്കിയ മത്സ്യത്തൊഴിലാളികള്‍ക്കും നിരാശ മാത്രം മിച്ചം. പേരിനു കുറച്ചു മത്തിയും പൂവാലന് ചെമ്മീനും മാത്രമാണ് വള്ളക്കാരുടെ വലയില്‍ കുടുങ്ങുന്നത്.
വില കുതിച്ചുകയറി
പക്ഷിപ്പനി വ്യാപിച്ചതോടെ ചിക്കനും താറാവിനും ആവശ്യക്കാര്‍ കുറഞ്ഞതിനു പുറമേ മീന്‍ ലഭ്യതയും കുറഞ്ഞതോടെ മീന്‍ വില കുതിച്ചുകയറി. തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ കന്യാകുമാരിയില്‍നിന്നു മീന്‍ എത്തുന്നുണ്ട്. കൊല്ലം വാടി ഹാര്‍ബറില്‍നിന്ന് വറ്റ, മാന്തള് എന്നിവയും എത്തുന്നു.
ട്രോളിംഗ് നിരോധനക്കാലത്തു തീരക്കടലില്‍നിന്നു കൂടുതല്‍ മീന്‍ ലഭിക്കുമെന്ന പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷ ഇക്കുറി തെറ്റി.
ശക്തമായ മഴ ലഭിക്കാത്തതാണ് തടസമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ശക്തമായ മഴയില്‍ കടലിളകും. ഇതിനുശേഷം കടല്‍ ശാന്തമാകുമ്പോഴാണു ചാകരയുണ്ടാവുകയെന്നും ഇവര്‍ പറയുന്നു. വള്ളത്തിനു ചെലവായ ഇന്ധനത്തിന്റെ വില പോലും ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ പറഞ്ഞു. വല നിറയെ മീനുകള്‍ ലഭിക്കുമ്പോള്‍ വലയില്‍ കുരുങ്ങുന്ന നന്തന് പോലുള്ള മീനുകള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഉപേക്ഷിച്ചു പോരുകയാണ് പതിവ്.
ഇടനിലക്കാരനു ലാഭം
എന്നാല്‍, മറ്റു മീനുകളൊന്നും ലഭിക്കാതായതോടെ നന്തന് കൊണ്ടുപോന്നു. ഇന്നലെ ചെല്ലാനം ഹാര്‍ബറിലെത്തിച്ച നന്തനു 100 രൂപയ്ക്കാണ് ലേലത്തില്‍ മൊത്തവിതരണക്കാര്‍ കൊണ്ടുപോയത്.
ചാള, അയല, നത്തോലി, തുടങ്ങിയ മീനുകള്‍ ധാരാളം കിട്ടുന്ന സമയമാണിത്. എന്നാല്‍, സീസണ് പണിയായിട്ടും ഇവയൊന്നും കിട്ടുന്നില്ല. ഇനി കിട്ടിയാല്‍ തന്നെ വള്ളക്കാര്‍ക്കു നല്ല വില കിട്ടാത്ത സ്ഥിതിയാണ്. ഇടനിലക്കാരാണു ലാഭം കൊയ്യുന്നത്. പള്ളിത്തോട്, ഹേലാപുരം, ചാവടി, എഴുപുന്ന മാർക്കറ്റുകളില്‍ കായല്‍ മത്സ്യങ്ങള്‍ ചെറുകിട വില്പനക്കാര്ക്കായി ലേലത്തില്‍ പോകുന്നത്.
ഒറ്റമശേരി മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ വള്ളമിറക്കുന്നത് ചെല്ലാനം ഹാര്ബറിലൂ ടെയാണ്. പുലര്‍ച്ചെ വള്ളമിറക്കി അന്തിയോളം പണിയെടുത്താലും ഇന്ധന ചെലവിനുള്ള മീന്‍ ലഭിക്കാതായതോടെ തൊഴിലാളികള്‍ വള്ളമിറക്കാതായി.
കടലില്‍പ്പോക്ക് നഷ്ടം
പരമ്പരാഗത തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ മീന്‍ കിട്ടുന്ന സമയമാണ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ. നാലുമാസമായി മീനില്ലാത്തതിനാല്‍ മീന്പിടിത്തത്തില്നിന്ന് വിട്ടുനിന്നിരുന്ന ഇവര്‍ കാലവര്‍ഷമെത്തുന്നതോടെ മത്സ്യലഭ്യത കൂടുമെന്ന പ്രതീക്ഷയിലായിരുന്നു. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് മീനിന് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.
എന്നാല്‍, എല്ലാം അസ്ഥാനത്താക്കുന്നതാണ് പരമ്പരാഗത തൊഴിലാളികളുടെ ഇപ്പോഴത്തെ സ്ഥിതി. 10 ശതമാനം വള്ളം മാത്രമാണ് കടലില്‍ പോകുന്നത്. നിരോധനം തുടങ്ങി ആദ്യ ദിവസങ്ങളില്‍ എല്ലാ വള്ളങ്ങളും കടലില്‍ പോയിരുന്നു. എന്നാല്‍, മീന്‍ കിട്ടാതായതോടെ ഭൂരിഭാഗം പേരും ഒരു ആഴ്ചകൊണ്ട് ലക്ഷത്തിലേറെ കടബാധ്യതയു്വരായി.
വിലനിയന്ത്രിക്കുമെന്ന്
ഒരു ഇന്ബോര്ഡ വള്ളത്തിന് ഒരു തവണ കടലില്‍ പോയിവരാന്‍ ചുരുങ്ങിയത് കാല് ലക്ഷം രൂപ ചെലവുണ്ട്. ചെലവി പകുതി തുകയ്ക്കുള്ള മീന്‍പോലും കിട്ടാതായതോടെ മീന്ലഭ്യതയുണ്ടെന്ന സൂചന കിട്ടിയാല്‍ മാത്രം കടലില്‍ പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് വള്ളക്കാരെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
വള്ളക്കാര്‍ക്ക് പൂവാലന് ചെമ്മീന്‍ ഏറ്റവും കൂടുതല്‍ കിട്ടുന്ന കാലമാണിതെങ്കിലും ഇത്തവണ നാമമാത്രമായാണ് ചെമ്മീന്‍ ഇതുവരെ കിട്ടിയത്. ആവശ്യക്കാര്‍ ഏറെയുള്ള മത്തിയുടെ വില കുതിച്ചുയരുന്നു. ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് ഓരാഴ്ചയായി മത്സ്യവില ഉയരുകയാണ്. ഇതിനിടെയാണ് മത്തിയുടെ വില അപ്രതീക്ഷിതമായി വര്‍ധിച്ചത്. വിവിധയിടങ്ങളില്‍ ഒരു കിലോ മത്തിയുടെ വില 400 കടന്നു.
ചിലയിടങ്ങളില്‍ 360നും 380നും ഇടയിലാണ് വില. തമിഴ്നാട്ടിൽ നിന്നു മത്തിയിറക്കി വിലനിയന്ത്രിക്കുമെന്ന് പറയുന്നു. നടപ്പിലായില്ല. ഒരാഴ്ച മുന്‍പ് 300 രൂപയിലെത്തിയ മത്തിവില അതിവേഗത്തിലാണ് 400ല്‍ എത്തിയത്.