ജില്ലയില്‍ 23 വരെ ഓറഞ്ച് അലര്‍ട്ട്
1423839
Monday, May 20, 2024 11:59 PM IST
ആലപ്പുഴ: ജില്ലയില്‍ 23 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.
റവന്യു, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് , തീരദേശ പോലീസ്, ജലസേചനവകുപ്പ്, വൈദ്യുതവകുപ്പ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇതു മുന്നില്‍ കണ്ടുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകളും മറ്റും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.
ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തില്‍ അലര്‍ട്ട് ആക്കി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എലിപ്പനിക്കെതിരേ
മുന്‍കരുതല്‍ എടുക്കണം
ആലപ്പുഴ: മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനിയുടെ രോഗാണുക്കളുണ്ടാകും. അതിനാല്‍ മലിനമായ ജലവുമായും മണ്ണുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഗംബൂട്ട്, കൈയുറ എന്നിവ ധരിക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുക. മഴയത്ത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എലിപ്പനി പിടിപെടാന്‍ സാധ്യതയേറെയായതിനാല് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എച്ച് 1 എന്‍ 1 പോലെയുള്ള പകര്‍ച്ചപ്പനി തടയാന്‍ കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. മാസ്ക് ധരിക്കുന്നതു നല്ലതാണ്. പനിയുള്ളവരും ആശുപത്രിയിലും പൊതു ഇടങ്ങളിലും പോകുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ തേടാതെ ഡോക്ടറെ കാണുക.