മഴക്കാലപൂര്‍വ മെഗാ ക്ലീനിംഗ് 52 വാര്‍ഡുകളിലായി 600 കേന്ദ്രങ്ങള്‍ ശുചീകരിച്ചു
1423615
Sunday, May 19, 2024 11:04 PM IST
ആലപ്പുഴ: നഗരസഭ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രണ്ടു മേഖലകളായി തിരിച്ച് നടത്തിയ പൊതുശുചീകരണ യജ്ഞം തെക്കന്‍ മേഖലയില്‍ ശതാബ്ദി മന്ദിരത്തിനു സമീപം അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമും വടക്കന്‍ മേഖലയില്‍ മിനി സിവില്‍സ്റ്റേഷനു സമീപം ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജനും ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, തൊഴിലാളികള്‍, റോട്ടറി, ലയണ്‍സ് ക്ലബ്ബുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, അങ്കണവാടി ആശാ പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍, തൊഴിലാളി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പയിന്റെ ഭാഗമായി.
പൊതുഇടങ്ങളും പാതയോരങ്ങളും വൃത്തിയാക്കി. കൊതുക് ഉറവിട നശീകരണം, നീര്‍ച്ചാലുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കല്‍, ഹോട്ട് സ്പോട്ടുകള്‍ നീക്കം ചെയ്യല്‍, കിണറുകളുടെ ക്ലോറിനേഷന്, തുടങ്ങിയവ നടത്തി. ശുചീകരണ കേന്ദ്രങ്ങളില്‍ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ചാക്കുകളില്‍ ശേഖരിച്ച് നഗരസഭ എംസിഎഎഫുകളിലേക്ക് നീക്കം ചെയ്തു. ജൈവമാലിന്യങ്ങള്‍ സാധ്യമായവ എയ്റോബിക് യൂണിറ്റുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം തുടരുന്നു. അല്ലാത്തവ അതത് വാര്‍ഡുകളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യും.
നഗരസഭ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരംസമിതി അധ്യക്ഷരായ എ.എസ്. കവിത, എം.ആര്. പ്രേം, നസീര്‍ പുന്നക്കല്‍, എം.ജി. സതീദേവി, ആര്. വിനിത, കൗണ്‍സിലര്‍മാരായ സലിം മുല്ലാത്ത്, ബി. അജേഷ്, ബി. നസീര്‍, ബി. മെഹബൂബ്, ക്ലാരമ്മ പീറ്റര്‍, സിമി ഷാഫിഖാന്‍, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ്, മാലിന്യമുക്ത നവകേരളം നോഡല്‍ ഓഫീസര്‍ സി. ജയകുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന കേന്ദങ്ങളില്‍ പ്രസംഗിച്ചു. 52 വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി. മനോജ്കുമാര്‍, ബി.എ. ശ്യാംകുമാര്‍, എം. ജിഷ, ശങ്കര്‍ മണി എന്നിവര്‍ വിവിധ കേന്ദങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.