മോട്ടര്‍ വാഹനവകുപ്പ് അയഞ്ഞു: ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു
1423164
Friday, May 17, 2024 11:36 PM IST
ആലപ്പുഴ: മേയ് ഒന്നുമുതല്‍ പുതിയരീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമെന്നു മോട്ടര്‍ വാഹനവകുപ്പ് നിര്‍ബന്ധം പിടിച്ചതോടെ സമരത്തിലായ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് ആശ്വാസമായി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. വകുപ്പുമന്ത്രിയുടെ പരിഷ്കാരവും ഡ്രൈവിംഗ് സ്കൂളുകളുടെ വിയോജിപ്പും തമ്മിൽ നേർക്കുനേർ വന്നപ്പോൾ ഫലത്തിൽ സമരത്തിലായിരുന്നു ഡ്രൈവിംഗ് പരിശിലന മേഖല. പ്രതിഷേധം നീണ്ടതോടെ ദിവസങ്ങളോളം ടെസ്റ്റ് നടന്നിരുന്നില്ല. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചിരുന്നവര്‍ക്ക് ആശ്വാസം, ജില്ലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു.
ആലപ്പുഴ- 10, 6, മാവേലിക്കര - 25, 8, ചെങ്ങന്നൂര്‍-28, 21, കുട്ടനാട്-11, 6, ചേര്‍ത്തല - 3, 1, കായംകുളം- 2, 1 എന്നിങ്ങനെയാണ് ആര്‍ടി ഓഫീസ്, ഡ്രൈവിംഗ് ടെസ്റ്റില്‍ യഥാക്രമം പങ്കെടുത്തവരുടെയും പാസായവരുടെ എണ്ണം.
എല്ലാ ആര്‍ടി ഓഫിസുകളുടെ കീഴിലും ടെസ്റ്റ് നടന്നു. ജില്ലയില്‍ ആകെ 79 പേര് ടെസ്റ്റില്‍ പങ്കെടുത്തതില്‍ 43 പേര് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ലൈസന്‍സ് നേടി. പുതിയരീതി പ്രകാരമുള്ള ടെസ്റ്റിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ ഇന്നലെ റോഡ് ടെസ്റ്റില്‍ 20 പോയിന്റുകള്‍ പരിശോധിച്ചു. തുടര്‍ന്നു ഗ്രൗണ്ടില്‍ എച്ച് ആകൃതിയില്‍ വാഹനം ഓടിച്ചതു കൂടി പരിശോധിച്ചാണു ലൈസന്‍സ് അനുവദിച്ചത്.
ഒരു മോട്ടര്‍ വാഹന ഓഫീസിനു കീഴില്‍ ദിവസേന 40 പേര്‍ക്കാകും ഡ്രൈവിംഗ് ലൈസന്‍സിനുവേണ്ടിയുള്ള റോഡ്, ഗ്രൗണ്ട് ടെസ്റ്റുകള്‍ നടത്തുക. ജില്ലയിലെ എല്ലാ ആര്‍ടിഒകളിലും രണ്ടു മോട്ടര്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്മാരുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഒരുദിവസം 40 പേര്‍ക്കു മാത്രമേ ടെസ്റ്റ് നടത്തൂ. രണ്ട് എംവിഐമാരുള്ള ആര്‍ടിഒകളില്‍ 80 പേര്‍ക്കു ടെസ്റ്റ് നടത്താമെന്നാണു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്. ഒരു എംവിഐ, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കു പോകുന്നതിനാലാണു ഡ്രൈവിംഗ് ടെസ്റ്റ് 40 പേര്‍ക്ക് ആയിത്തന്നെ നിജപ്പെടുത്തിയത്.