അഖിലയുടെ മംഗല്യസ്വപ്നത്തിന് നിറം പകര്‍ന്ന് വ്യാപാരിയുടെ കൈത്താങ്ങ്
1417963
Sunday, April 21, 2024 11:22 PM IST
കായംകുളം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഖിലയുടെ വിവാഹം പിതാവിന്റെ സ്ഥാനത്തുനിന്ന് നടത്തി വ്യാപാരിയുടെ കൈത്താങ്ങ്. കായംകുളം ജനത ജെംസ് സില്‍വര്‍ ജൂവല്ലറി ഉടമ അബു ജനതയാണ് യുവതിയുടെ മംഗല്യസ്വപ്നങ്ങള്ക്കു നിറം പകര്‍ന്ന് കാരുണ്യത്തിന്റെ കൈത്താങ്ങായി തീര്‍ന്നത്. മാതാപിതാക്കള്‍ മരണപ്പെട്ട അഖില അബുവിന്റെ സ്ഥാപനമായ കായംകുളം ജനത ജെംസിലെ ജീവനക്കാരിയാണ്. ആ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കണ്ടറിഞ്ഞ് സഹായങ്ങള്‍ നല്കാന് കടയുടമയായ അബു ജനത മുന്നോട്ടുവരികയായിരുന്നു.
അഖിലയുടെ വിവാഹത്തിന്റെ ചെലവുകളും ഭക്ഷണത്തിന്റെ ചെലവും ഏറ്റെടുത്ത് പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്താന്‍ അബു തയാറാവുകയായിരുന്നു. ആചാര പ്രകാരം അഖിലയെ വരന് കൈപിടിച്ചു നല്കി അനുഗ്രഹിച്ചു. കായംകുളം കായലോരത്തെ എസ്എന്‍ഡിപി ഹാളിലായിരുന്നു വിവാഹം.
തമിഴ്നാട് കായല്‍ പട്ടണം സ്വദേശിയാണ് അബു ജനത. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് കായംകുളത്ത് എത്തുകയും മാര്‍ക്കറ്റിലെ ചെറിയ കടയില്‍നിന്ന് വ്യാപാരം ആരംഭിക്കുകയുമായിരുന്നു. ഇന്ന് വ്യാപാരം വളര്‍ന്ന് വലിയ സംരംഭമായി സ്ഥാപനം മാറി. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും കടയിലെ ജീവനക്കാരും വരനായ കൊച്ചി സ്വദേശി അഖിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി 500ല്‍പരം ആളുകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
കൂടാതെ അഖിലയുടെ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റപ്പണിക്കും വേണ്ട സഹായം ചെയ്തു നല്കി. അബു ജനത ഓള് കേരള ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന് കായംകുളം യൂണിറ്റ് വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു.