ആകാശപ്പാത മരണപ്പാത
1417959
Sunday, April 21, 2024 11:22 PM IST
തുറവൂര്‍: തുറവൂരില്‍ ആകാശപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് അപകടമരണങ്ങള്‍ വര്‍ധിക്കുന്നു. നിര്‍മാണം ആരംഭിച്ചതിനു ശേഷം കഴിഞ്ഞദിവസം വരെ പതിനഞ്ചോളം മനുഷ്യജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.
ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി നടപ്പിലാക്കിയ ഗതാഗതക്രമീകരണങ്ങളില്പ്പെട്ടുണ്ടായ വാഹനാപകടങ്ങളില്‍ പലതും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയാണ് മരണങ്ങള് സംഭവിച്ചിട്ടുള്ളത്. ഗതാഗതനിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറില്‍ തട്ടിയോ റോഡിലെ ചെളിയില്‍ തെന്നിവീണോ ആണ് നിരത്തിലെ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഉയരപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് മിക്കപ്പോഴും അപകടത്തില്‍പ്പെടുന്നത്. യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നിര്‍മാണകമ്പനി മനുഷ്യജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അറുന്നൂറോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ തൊഴിലെടുക്കുന്നത്. ഇവര്‍ക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ മൃഗങ്ങളെപ്പോലെയാണ് ജോലിയെടുപ്പിക്കുന്നതെന്ന ആക്ഷേപമുണ്ട്.
കനത്ത ചൂടില്‍ 11നും മൂന്നിനും ഇടയില്‍ പ്രത്യേകിച്ച് ഉച്ചസമയത്ത് തൊഴില്‍ എടുപ്പിക്കുവാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടാണ് രാപകല്‍ വ്യത്യാസമില്ലാതെ ഇവിടെ തൊഴിലാളികളെ മൃഗങ്ങളെപ്പോലെ പണിയെടുപ്പിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആയതുകൊണ്ടുതന്നെ ഇവിടത്തെ തൊഴിലാളി യൂണിയനും മറ്റു സംഘടനകളും ഇതൊന്നും ചോദ്യം ചെയ്യാറില്ല.
കൂടാതെ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍മാണ കമ്പനിയില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയതുകൊണ്ട് ഇവരും ഇതിനെതിരേ പ്രതികരിക്കാറില്ല. സുരക്ഷാ ഏര്‍പ്പാടുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഒരു തൊഴിലാളി ജോലിക്കിടെ ഇരുമ്പിന്റെ ഇടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു മരിച്ചിരുന്നു. ഇത്തരത്തില്‍ ദാരുണമായ മരണം നടന്നിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരോ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ തിരിഞ്ഞുനോക്കിയിട്ടില്ല.