കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി; ഉദ്യോഗസ്ഥരെ കോൺഗ്രസ് തടഞ്ഞുവച്ചു
1416992
Thursday, April 18, 2024 12:03 AM IST
മാവേലിക്കര: നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം നിലച്ചിട്ട് നാലാം ദിനം പിന്നിട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റി വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്സിസിക്യൂട്ടീവ് എൻജിനിയറെ തടഞ്ഞുവച്ചു.
ഇന്നലെ വൈകിട്ട് നാലിന് ആരംഭിച്ച സമരം ഏഴിന് അവസാനിച്ചു. ടാങ്കറില്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ വാര്‍ഡുകളില്‍ ആദ്യഘട്ടത്തിലും തുടര്‍ന്ന് മറ്റ് വാര്‍ഡുകളിലും കുടിവെള്ളം വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഓവര്‍ഹെഡ് ടാങ്കില്‍നിന്നുള്ള ജലവിതരണ പൈപ്പിന് തകരാര്‍ സംഭവിച്ചതാണ് കുടിവെള്ള വിതരണം തടസപ്പെടാന്‍ കാരണമായതെന്നും ഇതിന്റെ അറ്റകുറ്റ പ്പണിക്കായി അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ ഉണ്ടായ കാലതാമസമാണ് കുടിവെള്ള വിതരണം നാലു ദിവസമായി നിലച്ചുപോകുവാനുണ്ടായ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമരത്തിനിടെ സ്ഥലത്തെത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മാവേലിക്കര നഗരസഭാ കൗണ്‍സിലര്‍ ബിനു വര്‍ഗീസ് സമരം ചെയ്യുന്ന പ്രവര്‍ത്തകരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് നേരിയ സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. പോലീസ് ഇടപെട്ട് ബിനു വര്‍ഗീസിനെ സ്ഥലത്തുനിന്ന് പറഞ്ഞയച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന്, നഗരസഭാ ചെയര്മാന് കെ.വി. ശ്രീകുമാര്‍, നൈനാന്.സി. കുറ്റിശേരില്‍, കെ.എല്‍.മോഹന്‍ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.