മൂന്നുപേർ മരിച്ച സ്ഥലത്ത് വീണ്ടും അപകടം
1416778
Tuesday, April 16, 2024 10:38 PM IST
അമ്പലപ്പുഴ: ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് വീണ്ടും അപകടം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. അശാസ്ത്രീയമായ സംവിധാനമാണ് പതിവായി അപകടങ്ങള്‍ക്കു കാരണമാകുന്നതെന്ന് നാട്ടുകാര്‍. ഇന്നലെ രാവിലെ പുറക്കാട് എസ്എന്‍എം ഹയര്‍ സെക്കൻഡറി സ്കൂളിനു മുന്നിലാണ് അപകടമുണ്ടായത്. സമാന്തരപാതയ്ക്കരികില്നിന്ന മാവേലിപ്പറമ്പില്‍ രാജു(63)വിനെ പച്ചക്കറി കയറ്റി അമിത വേഗത്തില്‍വന്ന ലോറിയിടിക്കുകയായിരുന്നു. രാജുവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
തലയ്ക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇവിടെ സമാന്തര റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവിടെ രണ്ട് ഭാഗത്തും കൂറ്റന്‍ സ്ലാബുകളും നിരത്തിയിരിക്കുകയാണ്.
വീതി കുറഞ്ഞ റോഡിലൂടെ അമിത വേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതും ഓവര്‍ടേക്കിംഗ് നടത്തുന്നതുമാണ് ഇവിടെ പതിവായി അപകടങ്ങളുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മാണം ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണ് ഇവിടെ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച മാതാപിതാക്കളും മകനും ദാരുണമായി മരണമടഞ്ഞത്.
ഇതിനുശേഷം ഇവിടെ എല്ലാ ദിവസവും വാഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. വീതി കുറഞ്ഞ ഈ ഭാഗത്തെ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ പോലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.