കത്തിക്കുത്തിൽ രണ്ടു പേർക്കു പരിക്ക്; പ്രതി പിടിയിൽ
1416320
Sunday, April 14, 2024 5:00 AM IST
മാന്നാർ: മുൻ വൈരാഗ്യത്തിന്റെ പേരിലുണ്ടായ തർക്കത്തിൽ രണ്ടു പേർക്കു കുത്തേറ്റു. സംഭവത്തിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടികയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈ(38)നെയാണ് അറസ്റ്റ് ചെയ്തത്. മാന്നാർ പാവുക്കര സ്വദേശികളായ നാദിർഷാ, രാഹുൽ എന്നിവരെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇല്ലിമല പാലത്തിനു സമീപം അൻസാർ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിനു മുമ്പിൽ കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.
ചിക്കൻ സെന്ററിലെ മിനി ലോറിയുടെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ. അക്രമണത്തിൽ പരിക്കേറ്റ നാദിർഷ, രാഹുൽ എന്നിവർ മുമ്പ് ചിക്കൻ സെന്ററിൽ ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവരാണ്. ഇവരെ ഒഴിവാക്കി മുഹമ്മദ് ഹുസൈൻ ജോലിയിൽ കയറിപ്പറ്റിയതിനെത്തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. നാദിർഷയും രാഹുലും സുഹൃത്ത് റിൻഷാദും വെള്ളിയാഴ്ച രാത്രി പത്തരയോടെ ചിക്കൻ കടയിൽ എത്തി ഉടമയായ അൻസാറുമായി വാക്കേറ്റത്തിലും തർക്കത്തിലും ഏർപ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ മുഹമ്മദ് ഹുസൈൻ തർക്കത്തിൽ ഇടപെടുകയും ഇരുവരെയും കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
സംഭവശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിനു സമീപത്തുനിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതര പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.