മണ്ണഞ്ചേരി ഗവ. സ്കൂളിലെ സ്പോര്‍ട്സ് ടര്‍ഫ് മന്ത്രി സജി ചെറിയാന് നാടിനു സമര്‍പ്പിച്ചു
1397021
Sunday, March 3, 2024 5:18 AM IST
ആലപ്പുഴ: സംസ്ഥാനത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതെന്ന് മന്ത്രി സജി ചെറിയാന്.
മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് ടര്‍ഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും കായിക പരിശീലനത്തിനായുള്ള ഗ്രൗണ്ടുകള്‍ മണ്ഡലങ്ങളില്‍ സ്പോര്‍ട്സ് ക്ലബുകള്‍ എന്നിവ സജ്ജമാക്കി വരികയാണെന്നും ഇത്തരം പദ്ധതികള്‍ കേരളത്തിലെ കായിക മേഖലയ്ക്ക് ആദ്യാനുഭവം ആണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സുഷാന്ത് മാത്യു കായിക താരങ്ങളെ ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്, ജില്ലാ പഞ്ചായത്തംഗം ആര്. റിയാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.