ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുന്നു
1396471
Thursday, February 29, 2024 11:26 PM IST
ചെങ്ങന്നൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രികെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 140 തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നുണ്ട്.
ടൈല്‍സ് വര്‍ക്ക്, ഫയര്‍വര്‍ക്ക്, ലിഫ്റ്റ് വര്‍ക്ക്, ഗ്ലാസ് വര്‍ക്ക് എന്നിവ മാര്‍ച്ച് പകുതിയോടെ ആരംഭിക്കും. ഇതോടെ കൂടുതല്‍ ജീവനക്കാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തും.
ആറുമാസത്തിനുള്ളില്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമെന്ന് ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പിനി ഡിജിഎം ബിജു പറഞ്ഞു.
വാര്‍പ്പ് ജോലികള്‍ പൂര്‍ത്തീകരിച്ചു. കിഫ്ബി ഫണ്ടില്‍നിന്നും 100 കോടി രൂപ മുതല്‍ മുടക്കി അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം 2020 നവംബറില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു.
രണ്ടര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഏഴു നിലകളിലായി 1,25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില അണ്ടര്‍ഗ്രൗണ്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. 1943 ല്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതാണ് പഴയ ആശുപത്രി.
ആശുപത്രിയുടെ വികസനത്തിനു വേണ്ടി സജി ചെറിയാന് നല്കിയ നിവേദനത്തെതുടര്‍ന്നാണ് നിര്‍മാണം തുടങ്ങിയത്. പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അതിവേഗമാണ് നടക്കുന്നത്.
ഒന്നും രണ്ടും മൂന്നും നിലകളുടെ തേപ്പ് ജോലികള്‍ പൂര്‍ത്തീകരിച്ച് വെള്ളപൂശി. വരുന്ന ദിവസങ്ങളില്‍ ജനലുകളും അനുബന്ധ ജോലികളും പൂര്‍ത്തീകരിക്കും. അഞ്ചും നാലും നിലകളുടെ തേപ്പ് ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
രണ്ടാം ഘട്ടത്തില്‍ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്യും.
ഇതോടെ എല്ലാ ചികിത്സാവിഭാഗങ്ങളും ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടി സജ്ജമാക്കാന്‍ കഴിയും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മികച്ച ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി മാറും.
നിര്‍മാണ നിര്‍വഹണ ഏജന്‍സിയായ വാസ്കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തിവരുന്നത്.
അത്യാധുനീക സൗകര്യങ്ങളോടു കൂടി ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആതുര ചികിത്സാ രംഗത്ത് വൻകുതിപ്പാണ് ചെങ്ങന്നൂരില്‍ സാധ്യമാകുന്നത്.