യുഡിഎഫ് സ്ഥാനാർഥിപ്രഖ്യാപനം വൈകുന്നു; എൽഡിഎഫ് പ്രചാരണരംഗത്ത് സജീവം
1396230
Thursday, February 29, 2024 1:55 AM IST
ആലപ്പുഴ: ലോക്സഭാ തെര ഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്പോൾ ഒരു പിടിമുന്നിലായി എല്‍ഡിഎഫ് പ്രചാരണം തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ചുവരെഴുത്തു പുരോഗമിക്കുന്നു. പാര്‍ലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ പോസ്റ്റര്‍ നിരന്നുകഴിഞ്ഞു.
ആലപ്പുഴ ജില്ലയിലെ ആറു നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കരുനാഗപ്പള്ളി നിയോജക മണ്ഡലവും അടക്കം ഏഴു നിയമസഭാമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. ഇതില്‍ അഞ്ചിടത്തും ജയിച്ചതു നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏഴില്‍ ആറും ഇടതിനൊപ്പമായിരുന്നു.
അന്ന് ചെന്നിത്തലയുടെ ഹരിപ്പാടു മാത്രമാണ് കോണ്‍ഗ്രസിനു ജയിക്കാനായത്. ഇനി ആലപ്പുഴ ജില്ല മുഴുവനായെടുത്താലും ഇടതിനുതന്നെയാണ് മേല്‍ക്കൈ. ഒമ്പതു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍മാത്രമാണ് യുഡിഎഫിനു ജയിക്കാനായത്.
നിയമസഭയല്ല, ലോക്സഭ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുള്ള മേല്‍ക്കൈ ലോക്സഭാ തെരഞ്ഞെടുപ്പുകളിലുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നില്ല. കാരണം ഡല്‍ഹിയിലേക്ക് ഇരുമുന്നണികളേയും മാറി മാറി അയച്ചതാണ് ആലപ്പുഴയുടെ ചരിത്രം.
അക്കാരണത്താല്‍ത്തന്നെ 2024-ലേക്ക് എത്തുമ്പോഴും തികച്ചും പ്രവചനാതീതമാണ് ആലപ്പുഴ. യുഡിഎഫ് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ മാത്രം ഇടതുപക്ഷത്തുനിന്നു.
2009 ലും 2014 ലും കെ.സി. വേണുഗോപാല്‍ തുടര്‍ച്ചയായി ജയിച്ച സീറ്റാണ് തരംഗത്തിലും ആരിഫിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്. മണ്ഡലം തിരിച്ചു പിടിക്കേണ്ടതു ആലപ്പുഴ ഡിസിസിയുടെ അഭിമാനപ്രശ്നം കൂടിയാണ്.
വേണുഗോപാൽ എത്തുമോ?
ആലപ്പുഴയുടെ മനസറിയുന്ന നേതാവെന്ന നിലയില്‍ കെ.സി.വേണുഗോപാലിനെത്തന്നെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഇന്ന്, കോണ്‍ഗ്രസിനാവശ്യം മണ്ഡലം ഇടതുപക്ഷത്ത് നിന്നും തിരിച്ചുപിടിക്കാനാകുംവിധം ശക്തനായൊരു സ്ഥാനാര്‍ഥിയെയാണ്. അക്കാരണത്താല്‍ത്തന്നെ കെ.സി. വേണുഗോപാലിനുമേല്‍ കടുത്ത സമ്മര്‍ദമാണ്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ തയാറാണെന്നു കെ.സി വ്യക്തമാക്കിയ പശ്ചാത്തലം കൂടി പരിഗണിച്ചാല്‍ ആലപ്പുഴയില്‍ കെസിക്കുതന്നെയാണ് കൂടുതല്‍ സാധ്യത.
കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് സംഘടനാ പ്രവര്‍ത്തനങ്ങളുടെ വലിയ ഉത്തരവാദിത്വം തനിക്കുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് കെസി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറിയത്. നിലവില്‍ രാജസ്ഥാനില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് കെസി. അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞാല്‍ ആ സീറ്റുപോലും കോണ്‍ഗ്രസിനു നഷ്ടപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്. ആ സാഹചര്യത്തില്‍ അദ്ദേഹം തന്റെ പഴയ തട്ടകമായ ആലപ്പുഴയിലേക്കെത്തുമോ എന്നതും ഉത്തരംകിട്ടാത്ത ചോദ്യമാണ്.
കെസിയില്ലെങ്കിൽ ആര്?
കെ.സി. വേണുഗോപാല്‍ എത്തുന്നില്ലെങ്കില്‍ ജില്ലയില്‍നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെത്തന്നെ പരിഗണിക്കാനാണ് സാധ്യത. മുന്‍ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, എം. ലിജു, അഡ്വ. അനില്‍ ബോസ് തുടങ്ങിയവരാണ് കെസിക്കു പകരം ഉയര്‍ന്നു കേള്‍ക്കുന്ന പേരുകൾ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ മത്സരിപ്പിക്കണെമെന്ന വാദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളും നിരവധിയുണ്ട്.
ഇടതിന് അമിതവിശ്വാസം
കെ.സി. വേണുഗോപാല്‍ എതിരാളിയായെത്തിയാലും അനായാസം ജയിച്ചുകയാറാനാവും എന്ന വിലയിരുത്തലാണ് ഇടതു ക്യാമ്പിനുള്ളത്. 13 വര്‍ഷം എംഎല്‍എയായി പരിചയുള്ള ആരിഫ് എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ഥിയാണ്. എ.എം.ആരിഫ് ചുവരെഴുത്തുകളിലൂടെ വരവ് അറിയിച്ചുകഴിഞ്ഞു, ജില്ലാതല ശില്പശാലകള് ഒരു റൗണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പുറമേ നിയമസഭാ മണ്ഡലം തലത്തിലും ശില്പശാലകള് നടന്നുവരികയാണ്. ഇനി മേഖലാ തലത്തിലുള്ള ശില്പശാലകള് ഉടനാരംഭിക്കും.
ആവേശത്തിൽ യുഡിഎഫ്
സ്ഥാനാർഥിപ്രഖ്യാപനമായില്ലെങ്കിലും യുഡിഎഫ് ക്യാന്പുകളിൽ അണിയറ നീക്കം സജീവമാണ്. പ്രചാരണരംഗം കൊഴുപ്പിക്കാൻ യുഡിഎഫ് ക്യാന്പുകൾഒരുക്കമാരംഭിച്ചു കഴിഞ്ഞു. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രചാരണതന്ത്രം ഒരുക്കി കഴിഞ്ഞു.
സ്ഥാനാർഥികളെ വൈകി പ്രഖ്യാപിച്ചാലും പ്രചാരണരംഗത്ത് പയറ്റിക്കയറുന്ന അവസ്ഥയാണ് യുഡിഎഫിനുള്ളതെന്ന് നേതാക്കൾ പറയുന്നു. ആലപ്പുഴ പിടിച്ചെടുക്കാൻ ശക്തനായ സ്ഥാനാർഥിയായിരിക്കും എത്തുന്നതെന്നും നേതാക്കൾ പറയുന്നു.