വരട്ടാര്‍ തീരം ഇറിഗേഷന്‍ ടൂറിസത്തിന്റെ ഭാഗമാക്കും: മന്ത്രി റോഷി അഗസ്റ്റിന്
1395977
Tuesday, February 27, 2024 11:35 PM IST
ആലപ്പുഴ: വരട്ടാറിന്റെ തീരപ്രദേശങ്ങളെ ഇറിഗേഷന്‍ ടൂറിസത്തിന്റെ ഭാഗമാക്കുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പുതുക്കുളങ്ങര, ആനയാര്‍, തൃക്കയ്യില്‍ പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ പദ്ധതിക്കായി ആറന്മുള, ചെങ്ങന്നര്‍, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍ നല്‍കേണ്ട മുഴുവന്‍ തുകയും നല്കി കഴിഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 18 ലക്ഷം കണക്ഷന് പുതുതായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
തടത്തില്‍പ്പടി മംഗലം ചപ്പാത്ത് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സിം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സജന്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള, ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ ലതിക രഘു, ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ സുനില്‍രാജ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജെ.ബേസില്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.