ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താൽ വഴിയറിയാം, ഭക്ഷണമറിയാം
1374249
Wednesday, November 29, 2023 12:22 AM IST
ചേര്‍ത്തല: ഹൈടെക് യുഗത്തില്‍ തങ്ങളും പിന്നിലല്ലെന്ന് കാണിച്ചിരിക്കുകയാണ് ഇത്തവണത്തെ കലോത്സവം. ചേര്‍ത്തല നഗരത്തിന്റെ വിവിധ മേഖലകളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വഴി അന്വേഷിച്ച് ബുദ്ധിമുട്ടാതിരിക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ ക്യൂആര്‍ കോഡ് തയാറാക്കി വിവിധ കേന്ദ്രങ്ങളില്‍ പതിപ്പിച്ച് വഴികാട്ടി.
പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അജു പി. ബഞ്ചമിന്റെ നിര്‍ദേശപ്രകാരം അര്‍ത്തുങ്കല്‍ സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടര്‍ വിദ്യാര്‍ഥി അലന് ജോണിയാണ് ക്യൂആര്‍ കോഡ് തയാറാക്കിയത്. ഓരോ മത്സരവേദിക്കും പ്രത്യേകമായി ക്യൂആര്‍ കോഡുകള്‍ ഉണ്ട്.
അവരവര്‍ക്കു പോകേണ്ട വേദി മനസിലാക്കി ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ കൃത്യമായും അതത് മത്സരകേന്ദ്രങ്ങളില്‍ എത്തിച്ചേരാം. കൂടാതെ ഭക്ഷണവിതരണത്തിനും പ്രത്യേക ക്യൂആര്‍ കോഡ് പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയതിനാൽ അതില്‍ സ്കാന്‍ ചെയ്താല്‍ ഭക്ഷണസമയത്തിന്റെ ക്രമീകരണങ്ങളും വിരൽത്തുമ്പിൽ റെഡി.