നവകേരള സദസിന് തനത് ഫണ്ടിൽനിന്ന് സംഭാവന: കൗൺസിൽ ബഹിഷ്കരിച്ച് പ്രതിപക്ഷം
1374239
Wednesday, November 29, 2023 12:13 AM IST
ആലപ്പുഴ: നവകേരള സദസിന് സംഭാവന നൽകുവാനുള്ള കൗൺസിൽ തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തി പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭയ്ക്ക് അനുവദിച്ചിരുന്ന പദ്ധതിതുകയിൽ നിന്നു രണ്ടരക്കോടി രൂപ തിരികെ എടുക്കുവാനുള്ള സർക്കാർ തീരുമാനത്തെ കൗൺസിൽ അംഗീകരിക്കുന്നതിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസനം സ്തംഭിച്ചിരിക്കുന്ന അവസ്ഥയിൽ പെൻഷൻപോലും പൂർണമായി നൽകാൻ കഴിയാത്ത സാഹചര്യത്തിലും നവകേരള സദസ് പോലെയുള്ള ആർഭാട പരിപാടികൾ നടത്തുന്നത് വിരോധാഭാസമാണെന്നും അതിലേക്ക് തദ്ദേശസ്ഥാപനങ്ങൾ സംഭാവന നൽകുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. റീഗോ രാജു , അംഗങ്ങളായ സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, സുമം സ്കന്ദൻ, ജി. ശ്രീലേഖ, ജെസിമോൾ ബെനഡിക്ട്, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, എലിസബത്ത് പി. ജി. തുടങ്ങിയവർ നേതൃത്വം നൽകി.