രണ്ടാം കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പിലാക്കണം
1340003
Tuesday, October 3, 2023 11:51 PM IST
മങ്കൊമ്പ്: പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾക്കിടെ മടവീഴ്ചയുണ്ടായ ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം പാടശേഖരത്തിൽ നെൽകർഷക സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശനം നടത്തി.
നിരന്തരമായി മടവീഴ്ചയുണ്ടാകുന്ന പാടശേഖരത്തിന്റെ ഒന്നാംകര മുതൽ പുന്നക്കുന്നത്തുശേരി കലുങ്ക് വരെയുള്ള പുറംബണ്ട് രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പുനർനിർമിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. മൂന്നു മീറ്റർ വീതിയിൽ ട്രാക്ടർ റോഡും റോഡിന്റെ ഇരുവശവും പയൽ ആൻഡ് സ്ലാബും കല്ലും കെട്ടി സംരക്ഷിച്ചു പാടശേഖരത്തിന്റെ അപുറംബണ്ടു സംരക്ഷിക്കണം. അപകടാവസ്ഥയിൽനിൽക്കുന്ന മോട്ടോർ തറയുടെ ഷെഡും പുതുക്കി പണിയണം.
മുൻവർഷങ്ങളിൽ വീണ മട കുത്തിയതിന്റെ തുക അടിയന്തരമായി അനുവദിക്കണം. ഇപ്പോൾ മട കുത്തുന്നതിന്റെ ചെലവ് പൂർണമായി ജില്ലാ കളക്ടറുടെ ദുരന്തനിവാരണ അഥോറിറ്റി ഫണ്ടിൽ നിന്ന് ഉടൻ അഡ്വാൻസായി ലഭ്യമാക്കണമെന്നും നെൽകർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൾ, ഷാജി മുടന്താഞ്ഞിലി, കെ.ബി. മോഹനൻ, ഷാജി പണിക്കരുപറമ്പിൽ കോഓർഡിനേറ്റർ ജോസ് കാവനാട്, ട്രഷറർ ജോൺ സി. ടിറ്റോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.