നിറക്കൂട്ടുകളാൽ വിസ്മയം തീർത്ത് കെഇ കാർമൽ സ്കൂൾ
1339503
Sunday, October 1, 2023 12:20 AM IST
മുഹമ്മ: നിറക്കൂട്ടുകളാൽ വിസ്മയം തീർത്ത ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സരം വേറിട്ട കാഴ്ചയൊരുക്കി മുഹമ്മ കെഇ കാർമൽ സെൻട്രൽ സ്കൂൾ. മൂന്നു മുതൽ ഒൻപതു വയസുവരെയുള്ള കുട്ടികൾക്കായി നടത്തിയ മത്സരമാണ് ശ്രദ്ധേയമായത്.
കെഇ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിലും മുഹമ്മ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിലുമായി നടന്ന മത്സരത്തിൽ 2500 ഓളം കുട്ടികൾ അണിനിരന്നു. കെജി വിഭാഗത്തിൽ 1500 കുട്ടികളും എൽപി വിഭാഗത്തിൽ ആയിരം കുട്ടികളും പങ്കാളികളായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരം മദർ തെരേസ കായികാധ്യാപകനായ ഫാ.സനീഷ് മാവേലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ ആശംസയർപ്പിച്ചു.
മുഹമ്മ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച മത്സരം വികാരി ഫാ. ആൻറണി കാട്ടുപാറ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സാംജി വടക്കേടം സിഎംഐ പ്രസംഗിച്ചു.
സ്കൂൾ ബർസാർ ജിനോ കന്യാകോണിൽ, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, പിടിഎ എക്സിക്യൂട്ടീവംഗം സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു .
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. മത്സരഫലം പത്തിനു സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.