ഹിതേഷ് നിന്റെ ഓർമയ്ക്കായി... 12 അടി ഉയരമുള്ള ട്രോഫിയുമായി സുഹൃത്തുകൾ
1339495
Sunday, October 1, 2023 12:16 AM IST
മുഹമ്മ: അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിന്റെ സ്നേഹോഷ്മളമായ ഓർമകൾ കെടാതെ സൂക്ഷിക്കാൻ 12 അടി ഉയരമുള്ള ട്രോഫി നിർമിച്ച് സുഹൃത്തുക്കൾ.
മണ്ണഞ്ചേരി ടീം നേതാജി ക്ലബ്ബിലെ അംഗമായിരുന്ന നോർത്ത് ആര്യാട് ചിറയിൽ പുഷ്പാംഗദന്റെ മകൻ സി.പി. ഹിതേഷ് കഴിഞ്ഞ തിരുവോണനാളിലാണ് വിടപറഞ്ഞത്. ഹിതേഷിന്റെ ഓർമകൾ എങ്ങനെ നിലനിർത്താമെന്ന ആലോചനയിലാണ് 12 അടി ഉയരമുള്ള എവറോളിംഗ് ട്രോഫി എന്ന ആശയം ഉടലെടുത്തത്.
വർഷങ്ങളായി സംസ്ഥാനതല വടംവലി മത്സരം സംഘടിപ്പിക്കുന്ന ക്ലബാണ് ടീം നേതാജി. ഇത്തവണത്തെ വടംവലി മൽസരത്തിൽ വിജയിക്കുന്ന ടീമിനാണ് ഈ ട്രോഫി സമ്മാനിക്കുക.
വടംവലി മത്സരത്തിൽ ഇത്രയും വലിയ ട്രോഫി കേരളത്തിൽ മറ്റൊരിടത്തും നൽകുന്നില്ലെന്ന് ടീം നേതാജിയുടെ പ്രസിഡന്റ് മധുകുമാർ, സെക്രട്ടറി പ്രജീൻ എന്നിവർ പറഞ്ഞു.
തൃശൂരിലുള്ള ട്രോഫി നിർമാണ സ്ഥാപനമാണ് ഇവരുടെ ആവശ്യപ്രകാരം ട്രോഫി നിർമിച്ചത്. ഇന്ന് നേതാജിയിൽ നടക്കുന്ന സംസ്ഥാനതല വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫി സമ്മാനിക്കും. 28 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.