ജുവാനയ്ക്ക് വേദനയിൽ സാന്ത്വനമേകാൻ ഇനി അമ്മയില്ല
1339002
Thursday, September 28, 2023 10:29 PM IST
മങ്കൊമ്പ്: കരൾ രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ജൂലിയ(37)യെന്ന അമ്മയുടെ വേർപാടറിയാതെ, വേദനയുടെ നടുവിൽ കുഞ്ഞു ജുവാന. നെടുമുടി പഞ്ചായത്ത് 14ാം വാർഡ് ചെമ്പുംപുറം കക്കാംപറമ്പ് ആർമി ഉദ്യോഗസ്ഥനായ ജോഷി കെ. തോമസിന്റെ നാലുവയസുകാരി മകൾ ജൂവാന റോസ് കഴിഞ്ഞ ഒരുവർഷമായി അർബുദരോഗബാധയെത്തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിലാണ്.
പിതാവ് ജോഷി ജോലിസ്ഥലത്തായതിനാൽ അമ്മ ജൂലിയയാണ് ചികിത്സയ്ക്കായി മകളുമായി ആശുപത്രികൾ തോറും കയറിയിറങ്ങിയിരുന്നത്. മൂന്നുമാസം മുൻപാണ് ജൂലിയയ്ക്കു രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വണ്ടാനം മെഡിക്കൽ കോളജിലും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് കരൾ രോഗം സ്ഥിരീകരിച്ചത്.
കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്ന ഡോക്ടർമാർ വിധിയെഴുതി. ഇതേത്തുടർന്ന് സഹോദരൻ കരൾ നൽകാമെന്നു സമ്മതിച്ചു. എന്നാൽ, ശസ്ത്രക്രിയയ്ക്കാവശ്യമായ 10 ലക്ഷം രൂപ കുടുംബത്തിനു താങ്ങാനാവുന്നതായിരുന്നില്ല. തുടർന്ന് നാട്ടിലെ സുമനസുകൾ കൈകോർത്തതോടെ ആവശ്യമായ തുക സമാഹരിച്ചു. ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെ പനി മൂർച്ഛിക്കുകയും ഇന്നലെ പുലർച്ചെ ഒന്നോടെ ജൂലിയ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
ഇപ്പോൾ വീട്ടിലുള്ള ജുവാനയെ തുടർ ചികിത്സയ്ക്കായി ആർസിസിയിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. തന്നെ തോളിലിട്ട് ആശുപത്രികളുടെ പടവുകൾ കയറിയിറങ്ങാൻ അമ്മയില്ലെന്നത് ജുവാനയ്്ക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല. ഏഴാം ക്ലാസിൽ പഠിക്കുന്ന ജെറിനും ഒന്നാം ക്ലാസ് വിദ്യാർഥിയായ ജോഹാനും മൂത്ത സഹോദരങ്ങളാണ്.
എല്ലുനുറുങ്ങുന്ന വേദനകൾക്കിടയിലും തന്നെ തോളിലേറ്റി താലോലിക്കാൻ അമ്മയെത്തുമെന്ന പ്രതീക്ഷ ആ കുഞ്ഞു മുഖത്ത് ഇപ്പോഴും പുഞ്ചിരി വിടർത്തുന്നു. ഇന്നു രാവിലെ പത്തിന് നർബോനപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ജൂലിയയുടെ മൃതദേഹം സംസ്കരിക്കുന്നതോടെ അമ്മയുടെ സ്നേഹം നിറഞ്ഞ മുഖം ജുവാനയ്ക്ക് ഓർമയാകും.