പ്രതിഷേധത്തിനൊടുവില്‍ പുന്നപ്ര പരപ്പില്‍ നെല്ലെടുപ്പു തുടങ്ങി
1338515
Tuesday, September 26, 2023 11:18 PM IST
അമ്പലപ്പുഴ: കര്‍ഷകരുടെ പ്രതിഷേധത്തിനും കാത്തിരിപ്പിനു മൊടുവില്‍ പുന്നപ്ര പരപ്പില്‍ പാടശേഖരത്തിലെ നെല്ലെടുപ്പ് ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് നെല്ലെടുപ്പു തുടങ്ങിയത്. കാലടിയിലെ ജെബിഎസ് എന്ന കമ്പനിക്കാണ് നെല്ലെടുക്കാനുള്ള അനുമതി സിവില്‍ സപ്ലൈസ് നല്‍കിയിട്ടുള്ളത്.33 ഏക്കര്‍ പാടശേഖരത്തിലെ 22 ഏക്കറിലെ 450 ക്വിന്റല്‍ നെല്ലാണ് എടുക്കാനുണ്ടായിരുന്നത്. ഇതില്‍ 370 ക്വിന്റല്‍ നെല്ല് മില്ലുകാര്‍ക്ക് നല്കി.
ബാക്കി വിത്തിനായി മറ്റ് കര്‍ഷകര്‍ വാങ്ങി.11 ഏക്കറിലെ 131 ക്വിന്റല്‍ നെല്ല് കഴിഞ്ഞ ദിവസം അവലിനും പൊടിയരിക്കുമായി കര്‍ഷകര്‍ വിറ്റിരുന്നു. ബാക്കി വന്ന നെല്ലാണ് ചൊവ്വാഴ്ച എടുത്തത്. ഉച്ചയോടെ നെല്ലെടുപ്പ് പൂര്‍ത്തിയായി
ഇളവിത്തായ മനുരത്ന കഴിഞ്ഞ 10 ദിവസം മുമ്പാണ് കൊയ്തത്. കൊയ്ത്തിനിടെ ഉണ്ടായ മഴ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കൊയ്ത് നെല്ല് എടുക്കാനുള്ള നടപടി സിവില്‍ സപ്ലൈസ് വൈകിച്ചതോടെ കൂട്ടിയിട്ട നെല്ല് കിളിര്ത്തും പൂപ്പല്‍ ബാധിച്ചും നശിക്കുമെന്ന അവസ്ഥയിലായി. തുടര്‍ന്നാണ് കഴിഞ്ഞദിവസം പൊടിയരിക്കും അവലിനുമായി നെല്ല് കര്‍ഷകര്‍ക്ക് വില്‍ക്കേണ്ടി വന്നത്.
നെല്ലെടുക്കാന്‍ സിവില്‍ സപ്ലൈസ് വൈകിച്ചത് കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇളവിത്താണെന്നും 90 ദിവസം കഴിഞ്ഞ് കൊയ്യുമെന്ന വിവരവും പാഡി ഓഫീസറെ അറിയിച്ചിരുന്നതായും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായുള്ള മഴ കൊയ്യാന്‍ വൈകിച്ചു.
എന്നിട്ടും നെല്ലെടുക്കാനുള്ള നടപടി സിവില്‍ സപ്ലൈസ് സ്വീകരിച്ചിരുന്നില്ല. അപ്പര്‍ കുട്ടനാട്ടിലെ രണ്ടാം കൃഷിയിലെ ആദ്യവിളവെടുപ്പായിരുന്നു പരപ്പില്‍ പാടശേഖരത്തിലേത്. ഒരു കിലോ നെല്ലിന് സിവില്‍ സപ്ലൈസ് നല്‍കുന്നത് 28.20 രൂപയാണ്. എന്നാല്‍, കഴിഞ്ഞദിവസം കിലോ 25 രൂപയ്ക്കാണ് അവലിനും പൊടിയരിക്കുമായി കര്‍ഷകര്‍ നെല്ല് കൊടുത്തത്.
വിത്തിനു പാകപ്പെടുത്തികൊടുക്കാനായിരുന്നു കര്‍ഷകര്‍ തീരുമാനിച്ചത്. എന്നാല്‍, കാലംതെറ്റിയുള്ള മഴ കര്‍ഷകരെ വലച്ചു.20 കര്‍ഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്. കഴിഞ്ഞ കൃഷിയും കര്‍ഷകര്‍ക്ക് നഷ്ടമായിരുന്നു. അതും ഇളവിത്തായിരുന്നു വിതച്ചത്.
മറ്റ് പാടശേഖരങ്ങളില്‍ നെല്ല് പാകമാകുന്നതിന് മുമ്പായി പരപ്പില്‍ പാടശേഖരത്തില്‍ നെല്ല് വിളഞ്ഞതോടെ കിളികളുടെ ശല്യം ഏറെയായി. കൂട്ടത്തോടെത്തിയ കിളികള്‍ വിളവ് നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയോടെ രണ്ടാം കൃഷി ഇറക്കിയത്. ഇളവിത്തായതിനാല് കൃഷിച്ചെലവും കുറവായിരുന്നു.
മറ്റ് നെല്‍കൃഷിയെ അപേക്ഷിച്ച് ഇതിന് വളവും മരുന്നുതളിയും കുറവാണ്. കൂടാതെ വരിയും മറ്റ് കളകളും കുറവാണ്. നല്ല വിളവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മഴയും നെല്ലെടുക്കാനുള്ള സിവില്‍ സപ്ലൈസിന്റെ അനാസ്ഥയും കര്‍ഷകരെ കടക്കെണിയിലാക്കി.