ജലാശയങ്ങള്‍ക്കു പുതുജീവനേകാൻ തൈക്കാട്ടുശേരി പഞ്ചായത്ത്
1338216
Monday, September 25, 2023 9:44 PM IST
ആലപ്പുഴ: മലിനമായ ജലാശയങ്ങള്‍ക്കു പുതുജീവന്‍ നല്‍കാനായി ആവിഷ്കരിച്ച തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തോടുകളുടെ ശുചീകരണത്തിനു തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംബരന് നിര്‍വഹിച്ചു.
പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ചാണ് തോടുകള്‍ ശുചീകരിക്കുന്നത്. ആറാം വാര്‍ഡിലെ പൂച്ചാക്കല്‍ മാര്‍ക്കറ്റ്- പട്ടികജാതി കോളനി തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ തുടക്കമിട്ടത്. വരുംദിവസങ്ങളില്‍ പഞ്ചായത്തിലെ മറ്റു തോടുകളും ഏറ്റെടുത്ത് വൃത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ജനപ്രതിനിധികളായ രതി നാരായണന്, പ്രിയ ജയറാം, അംബിക ശശിധരന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.