ആത്മഹത്യ ചെയ്ത കർഷകന്റെ മരണം നരഹത്യയെന്ന് വി.എം. സുധീരൻ
1337079
Thursday, September 21, 2023 12:15 AM IST
അമ്പലപ്പുഴ: നെൽവില ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ രാജപ്പന്റെ മരണം നരഹത്യയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രാജപ്പന്റെ വണ്ടാനത്തെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സുധീരൻ. രാജപ്പന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണ്. കർഷകരോട് സർക്കാർ കാണിക്കുന കടുത്ത അനീതിയുടെയും വഞ്ചനയുടെയും ഇരയാണ് ഇദ്ദേഹം.
സംഭരിച്ച നെല്ലിന്റെ പണം കൃത്യസമയത്ത് നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ പണം യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ സർക്കാർ തയാറാകണം. ഇതോടൊപ്പം രാജപ്പന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വവും സർക്കാർ കാണിക്കണം. രാജപ്പന്റെ മകൻ രോഗിയായ പ്രകാശന്റെ മകൾക്ക് ജോലി സർക്കാർ നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.