അടഞ്ഞ ടെക്സ്റ്റൈൽ മില്ലുകൾ തുറക്കണം; തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
1301687
Sunday, June 11, 2023 2:24 AM IST
ചെങ്ങന്നൂർ: കോട്ട പ്രഭു റാം മിൽസ് ഉൾപ്പെടെ സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന ടെക്സ്റ്റൈൽ മില്ലുകൾ തുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പട്ടിണിയിലായ തൊഴിലാളികൾക്ക് ലേ- ഓഫ് ആനുകൂല്യം ലഭ്യമാക്കണമെന്നും മറ്റുമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ളതാണ് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ.
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കോട്ടയം ടെക്സ്റ്റൈൽസ്, ചെങ്ങന്നൂർ കോട്ട പ്രഭുറാം മിൽസ് , മലപ്പുറം എഡരിക്കോട് ടെക്സ്റ്റൈൽസ്, സീതാറാം ടെക്സ് റ്റൈൽസ്, ടെക്സ് ഫെഡിന്റെ കീഴിലുള്ള തൃശൂർ കോർപറേറ്റീവ് മിൽ എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ നാലുമാസമായി ലേ - ഓഫിലാണ്.
ഇവയ്ക്കു പുറമേ കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ വരുന്ന എൻടിസിയുടെ കേരളത്തിലെ ചില മില്ലുകളും വിവിധ കാരണങ്ങളാൽ അടഞ്ഞുകിടക്കുകയാണ്. പ്രവർത്തിക്കുന്നവയാകട്ടെ പ്രതിസന്ധിയിലുമാണ്. ഇതിൽ അടഞ്ഞുകിടക്കുന്ന മിൽ തൊഴിലാളികൾക്ക് മാസങ്ങളായി ലേ-ഓഫ് വേതനം പോലും ഇതുവരെ നൽകിയിട്ടില്ല.
ഓണക്കാലത്ത് തൊഴിലാളികൾക്ക് ബോണസ് അടക്കം ലഭിക്കേണ്ടതുണ്ട്. ലേ- ഓഫ് പിൻവലിച്ച് മില്ലുകൾ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം അടിയന്തരമായി സംസ്ഥാന വ്യവസായ വകുപ്പ് നടപ്പിലാക്കണമെനും സംഘടന ആവശ്യപ്പെട്ടു. അതേസമയം മില്ലുകളുടെയും തൊഴിലാളികളുടെയും പ്രശ്നം ചർച്ച ചെയ്യാൻ പോലും വ്യവസായ വകുപ്പ് തയാറായിട്ടില്ലെന്നാണ് സംഘടന പറയുന്നത്.
മൂന്നു വർഷമായി അടച്ചിട്ടിരിക്കുന്ന എൻടിസി മില്ലുകളിലെ തൊഴിലാളികളും പട്ടിണിയിലാണ്. ഭീമമായ ശമ്പള കുടിശിക ഇവർക്കു നൽകാനുണ്ട്. ഒരു മാസം മുമ്പ് കേന്ദ്രം അനുവദിച്ച 120 കോടി രൂപ ഇതുവരെ എൻ.ടി.സിമിൽ മാനേജ്മെന്റിന് ലഭിച്ചിട്ടില്ലെന്നും പൂട്ടിയ ഫാക്ടറികൾ തുറക്കാൻ കേന്ദ്രം തയാറല്ലെങ്കിൽ ആനുകൂല്യങ്ങൾ നൽകാൻ തയാറാവണമെന്ന് സംഘടന ആവശ്യപ്പെട്ടു.