തീരദേശ പരിപാലന പ്ലാന്‍ കരട്- 2019: പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചു
1301412
Friday, June 9, 2023 11:12 PM IST
ആലപ്പുഴ: 2019ലെ തീരദേശ പരിപാലന നിയമപ്രകാരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് തയാറാക്കിയ തീരദേശ പരിപാലന പ്ലാന്‍ 2019ന്റെ കരടിന്മേല് നിര്‍ദേശങ്ങളും പരാതികളും തീരപരിപാലന അഥോറിറ്റി അംഗങ്ങള്‍ നേരിട്ട് ശേഖരിച്ചു. നഗരസഭാ ടൗണ്‍ഹാളിലാണ് ഹിയറിംഗ് സംഘടിപ്പിച്ചത്.
റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനവാസ കേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്നു ചടങ്ങില്‍ സംസാരിച്ച എ.എം.ആരിഫ് എംപി സമിതിയംഗങ്ങളോട് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും പരിധിയില്‍നിന്ന് ഒഴിവാക്കണം. പല അനുമതികളും ലഭിക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ നടപടിക്രമങ്ങളും അനുമതികളും നല്‍കുന്നത് വേഗത്തിലാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ആക്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അപ്പപ്പോള്‍ എംപിമാരെ അറിയിക്കാനും അതുവഴി പാര്‍ലമെന്റില്‍ ഇടപെടല്‍ നടത്താനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര നിയമം വരുമ്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരമാവധി അനുഭാവ പൂര്‍ണമായ തീരുമാനം കൈക്കൊള്ളാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പി.പി. ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു.
മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ പ്രാദേശിക നേതാക്കള്‍, പഞ്ചായത്ത് മുനിസിപ്പല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി.
ഡോ. റിച്ചാര്‍ഡ് സക്കറിയ, അമൃത സതീശന്, ജോയിന്റ് സെക്രട്ടറി പി.സി. സാബു, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എഫ്. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.