നിദയുടെ മരണം: അഞ്ചുമാസം കഴിഞ്ഞിട്ടും മരണകാരണമറിയാതെ കുടുംബം
1300584
Tuesday, June 6, 2023 10:43 PM IST
അമ്പലപ്പുഴ: അഞ്ചുമാസം കഴിഞ്ഞിട്ടും നിദ ഫാത്തിമയുടെ മരണകാരണം കണ്ടെത്താനായില്ല. വേദനകൾ പങ്കുവച്ച് പിതാവ് ഷിഹാബുദ്ദീൻ. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് നാഗ്പുരിലെത്തിയ നിദ 2022 ഡിസംബർ 22നാണ് മരിച്ചത്. നിദയുടെ മരണകാരണമറിയുന്നതിനായി ബന്ധുക്കളുടെയും നാട്ടുകാരുടെയും കാത്തിരിപ്പു നീളുകയാണ്. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായിരുന്നു നിദാ. നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സബ് ജൂണിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്. മത്സരസ്ഥലത്തിനു സമീപത്തെ കടയിൽനിന്നു ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്കു മടങ്ങിയ നിദയ്ക്ക് രാത്രിയിൽ കടുത്ത ഛർദിയുണ്ടാകുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിക്കാത്തതുമൂലമാണ് മരണകാരണമറിയാൻ വൈകുന്നത് എന്നാണ് പറയുന്നത്. ഈ കുടുംബത്തിന് കഴിഞ്ഞ ദിവസം കൃഷിമന്ത്രി പി. പ്രസാദ് വീട്ടിലെത്തി സർക്കാർ സഹായമായി അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു.