കാർഡ് തരം മാറ്റി കിട്ടി; ആശ്വാസത്തിൽ ബാലൻ
1299819
Sunday, June 4, 2023 6:29 AM IST
മാവേലിക്കര: ഹൃദയ സംബന്ധമായ അസുഖത്തിന് അഞ്ചു വർഷമായി ചികിത്സയിലാണ് വള്ളികുന്നം പഞ്ചായത്ത് വാർഡ് 12 സുരഭി നിവാസിലെ ബാലൻ. ആറു മാസം മുൻപാണ് ബാലന്റെ ഭാര്യ കാൻസർ രോഗത്തെത്തുടർന്ന് മരിച്ചത്. ചികിത്സയ്ക്കും മറ്റുമായി വൻ തുക ചെലവായത് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ അല്ലാതിരുന്നതിനാൽ ചികിത്സാ സഹായങ്ങളും ഈ കുടുംബത്തിന് നഷ്ടമായി. ഈ സാഹചര്യത്തിലാണ് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇവർ മന്ത്രി സജി ചെറിയാൻ നേതൃത്വം നൽകുന്ന മാവേലിക്കര താലൂക്കിലെ പരാതി പരിഹായ അദാലത്തിലെത്തിയത്. ഇവരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കി സിവിൽ സപ്ലൈസ് വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ കാർഡ് വിഭാഗത്തിലേക്ക് മാറ്റി നൽകുകയായിരുന്നു.
കാർഡ് തരം മാറ്റി ലഭിക്കുന്നതോടെ റേഷൻ കടയിൽ നിന്ന് കൂടുതൽ ഭക്ഷ്യധാന്യങ്ങളും സർക്കാർ ആനുകൂല്യങ്ങളും കിട്ടുമെന്ന് സന്തോഷത്തിലാണ് ബാലൻ മടങ്ങിയത്.