പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
1282933
Friday, March 31, 2023 11:12 PM IST
അമ്പലപ്പുഴ: പൈപ്പ് പൊട്ടി റോഡ് കുളത്തിനു സമാനം. പരാതി അറിയിച്ചിട്ടും പരിഹാരം കാണാതെ അധികൃതർ. കരുമാടി സെന്റ് നിക്കോളാസ് റോഡിന്റെ മധ്യഭാഗത്താണ് മൂന്നു ദിവസം മുൻപ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കരുമാടി തോടിനു കുറുകെ സ്ഥാപിച്ച് റോഡിന് മധ്യഭാഗത്തായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതാണ് മൂന്നു ദിവസം മുൻപ് പൊട്ടിയത്. പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴാകുകയാണ്. വെള്ളം കെട്ടിനിന്ന് റോഡും തകർന്നു. നാട്ടുകാർ പരാതി അറിയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
കുത്തിയിരുപ്പു സമരം നടത്തി
ചേർത്തല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ചേർത്തല നഗരസഭയ്ക്ക് മുൻവശം യുഡിഎഫ് കൗൺസിലർമാർ കുത്തിയിരുപ്പു സമരം നടത്തി. നഗരസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി. ഫൈസൽ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. സി.ഡി. ശങ്കർ, സി.എസ്. പങ്കജാക്ഷൻ, ബി. ഭാസി, ബാബു മുള്ളൻചിറ, പ്രകാശൻ, ജാക്സണ് മാത്യു, എം.എ. സാജു, പ്രമീളാദേവി, കെ.സി ജയറാം, സുജാത സതീഷ് കുമാർ, ഇ.വി. ജോണി എന്നിവർ പ്രസംഗിച്ചു.