മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനവും അർബൻ വെൽനസ് സെന്ററുകളും
1281638
Monday, March 27, 2023 11:56 PM IST
മാവേലിക്കര: നഗരസഭയുടെ 2022-23 ലെ പുതുക്കിയ ബജറ്റും 2023-24 ലേക്കുള്ള മതിപ്പു ബജറ്റും നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ് അവതരിപ്പിച്ചു. ബജറ്റ് പ്രസംഗത്തിൽ കഴിഞ്ഞ ബജറ്റിലെ പ്രധാന പദ്ധതികളുടെ നിർവഹണം സംബന്ധിച്ച വിശദാംശങ്ങൾ ഡെപ്യൂട്ടി ചെയർപേഴ്സൺ അവതരിപ്പിച്ചു.
തുടർന്ന് ഈ വർഷത്തെ ബജറ്റിൽ നഗരസഭ നേരിടുന്ന പ്രധാന പ്രശ്നമായ നഗരഹൃദയത്തിലെ പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്താനായി മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം നടപ്പിലാക്കാനും നഗരസഭാ പരിധിയിൽ രണ്ട് അർബൻ വെൽനസ് സെന്റർ ആരംഭിക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്കായി സൗജന്യ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തുന്നതിനും വിവിധ സർക്കാർ ആശുപത്രികളിൽ ഒപി ബുക്കു ചെയ്യുന്നതിനായി യുഎച്ച്ഐഡി കാർഡ് നടപ്പിലാക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തി.
29,98,68,531 രൂപ വരവും 26,92,91,858 രൂപ ചെലവും 3,05,76,673 രൂപ മിച്ചവുമുള്ള 2022-23 ലെ പുതുക്കിയ ബജറ്റും 58,72, 88,107 രൂപ വരവും 56,34,78,639 രൂപ ചെലവും 2,38,09,468 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തേക്കുള്ള ബജറ്റ് നിർദേശങ്ങളുമാണ് അവതരിപ്പിച്ചത്. നഗസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ ആമുഖ പ്രസംഗം നടത്തി.