റാന്നിയിൽ തെരുവുനായ ആക്രമണം; 18 പേർക്കു കടിയേറ്റു
1281253
Sunday, March 26, 2023 7:24 AM IST
റാന്നി: റാന്നിയിൽ വീണ്ടും തെരുവുനായ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി 18 പേർക്കാണ് റാന്നി ഇട്ടിയപ്പാറ ടൗണിലും പരിസരങ്ങളിലുമായി നായയുടെ കടിയേറ്റത്.
വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ ടൗണിൽ ഒരുമിച്ച് ഇട്ടിയപ്പാറ ടൗണിൽ എത്തിയ 12 ഇതര സംസ്ഥാന തൊഴിലാളികളെയാണ് നായ ആദ്യം അക്രമിച്ചത്. തുടർന്ന് രണ്ട് കട ഉടമകളെയും കടിച്ചു. ആളുകൾ കൂടിയതോടെ ചെത്തോങ്കര ഭാഗത്തേക്കു നായ ഓടിപ്പോകുകയായിരുന്നു. നായയ്ക്ക് പേ ലക്ഷണങ്ങളുള്ളതായി സംശയിക്കുന്നു.
ഇന്നലെ പുലർച്ചെ വലിയകാവ് ഭാഗത്തായി നാലുപേരെ നായ ആക്രമിച്ചു. റാന്നി ഇട്ടിയപ്പാറ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. രാപകൽ ഭേദമെന്യേ ഇവയെ കാണാം. ബസ് സ്റ്റാൻഡിനു പിന്നിലെ വയലിലാണ് ഇവ തമ്പടിക്കുന്നത്.
അടുത്തിടെ ഐത്തല ഭാഗത്തെ ഒരു വീട്ടിനുള്ളിൽ വരെ കടന്നു കയറിയിരുന്നു. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടീൽ മൂലമാണ് അന്നു വീട്ടുകാർ രക്ഷപ്പെട്ടത്.പേപ്പട്ടി ഇറങ്ങിയാലും, തെരുവുനായ ശല്യം വർധിച്ചാലും ജനങ്ങളുടെ സുരക്ഷതിത്വം ഉറപ്പാക്കേണ്ട പഞ്ചായത്തും മറ്റ് അധികൃതരും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
രാത്രിയിൽ കടത്തിണ്ണകളിലും ബസ് സ്റ്റാൻഡിലും അന്തിയുറങ്ങുന്ന നായ്ക്കൾ രാവിലെ കട തുറക്കാനെത്തുന്നവർക്കും കാൽനടക്കാർക്കും സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ഭീഷണിയാണ്.