കായലിനെ കരുതി ചേന്നം പള്ളിപ്പുറം ബജറ്റ്
1280885
Saturday, March 25, 2023 11:02 PM IST
പള്ളിപ്പുറം: വ്യാവസായിക മേഖല ഉൾപ്പെടുന്ന ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കായൽ മലിനീകരണത്തിന് പരിഹാരം കാണാൻ ശുചിത്വപദ്ധതികൾക്ക് ഊന്നൽ നൽകി ബജറ്റ്. 330650854 രൂപ വരവും 328922000 രൂപ ചെലവും 1728854 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ഷിൽജ സലിം അവതരിപ്പിച്ചത്.
പ്രസിഡന്റ് ടി. എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. എൻ. കെ. മോഹൻദാസ്, കെ. കെ. ഷിജി, രമ വിശ്വനാഥൻ, പി. സി. സിനിമോൻ, ഹരികൃഷ്ണ ബാനർജി, എ ആർ ശാന്തകുമാർ എന്നിവർ പ്രസംഗിച്ചു.
കായലിനൊരു കരുതൽ എന്ന പദ്ധതിയിൽപ്പെടുത്തി കായലോര മേഖലയിൽ ഉള്ള വീടുകൾക്ക് സെപ്ടിക് ടാങ്കുകൾ നൽകും. മുഴുവൻ വീടുകൾക്കും ബയോബിന്നുകൾ നൽകും. പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. മാട്ടേൽ തുരുത്ത് കുട്ടൻചാൽ ദ്വീപുകൾ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കും.പള്ളിപ്പുറം ഫെസ്റ്റ് എന്ന പേരിൽ ഗ്രാമീണ കലാമേള നടത്തും.
പ്രാദേശിക സാമ്പത്തിക വികസനത്തിനായി മുഴുവൻ വീടുകൾക്കും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന മുറ്റത്തൊരു കോഴിക്കൂട്ടം പദ്ധതി നടപ്പിലാക്കും. ഹരിത ഭവനം പദ്ധതിക്ക് കീഴിൽ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ പച്ചക്കറിത്തൈകൾ തയാറാക്കി മുഴുവൻ വീടുകൾക്കും വിതരണം ചെയ്യും. ഡയാലിസിസ് രോഗികളെ സഹായിക്കാൻ പ്രതിമാസ പെൻഷൻ പദ്ധതി തുടങ്ങും.ഭവന പദ്ധതിക്കായി 3 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.