ആലപ്പുഴയുടെ ചരിത്രത്തിലും തണൽ വിരിച്ച് തണ്ണീര്‍പന്തലുകള്‍
1279980
Wednesday, March 22, 2023 10:52 PM IST
ആലപ്പുഴ: കഠിനമായിക്കൊണ്ടിരിക്കുന്ന വേനല്‍ ചൂടിനെ നേരിടാന്‍ സംസ്ഥാന വ്യാപകമായി തണ്ണീര്‍പന്തല്‍ എന്ന പേരില്‍ തണലുകള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍. ഇവിടെ സംഭാരം, കുടിവെള്ളം തണ്ണിമത്തന് വരെ സൗജന്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തയാറായിരിക്കുന്നു.
ഏതാണ്ട് നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ആലപ്പുഴയിലെ പ്രധാന വീഥികളിലും പ്രത്യേകിച്ച് പ്രധാന കച്ചവട കേന്ദ്രമായിരുന്ന ആലപ്പുഴ മാര്‍ക്കറ്റിലെ സെന്റ് ജോര്‍ജ് സ്ട്രീറ്റിലെ സിസിഎന്‍ബി റോഡിലും വേനല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ തണ്ണീര്‍പന്തലുകള്‍ സജ്ജമാക്കിയിരുന്ന പഴയ കാലത്തെ ഓര്‍മിപ്പിക്കുകയാണ് സീനിയർ സിറ്റിസണും രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകനുമായ പി.ജെ. കുര്യന്.
അന്ന് കല്ലുപാലം മുതല്‍ കൊത്തുവാള്‍ ചാവടി പാലം വരെയുള്ള പ്രധാന ജൗളി, പലചരക്ക് കടകളുടെയും ഇതര സ്ഥാപനങ്ങളുടെയും മുന്‍വശം നല്ല ഉയരത്തില്‍ തേക്കിന് കഴകളും കവുങ്ങും മുളകളും ഉപയോഗിച്ച് ഓലമേഞ്ഞുള്ള പന്തലുകളാണ് സജ്ജമാക്കിയിരുന്നത്. വേനല്‍ക്കാലത്ത് സൂര്യന് തെക്കുഭാഗത്താകുന്നതിനാല് വടക്കേ ക്കരയില്‍ സൂര്യകിരണങ്ങള്‍ യാതൊരു മറയുമില്ലാതെ പതിക്കുന്നത് മൂലമുണ്ടാകുന്ന കടുത്ത ചൂടിനെ തടയാനായിരുന്നു ഇങ്ങനെ പന്തലുകള്‍ കച്ചവടക്കാരുടെ സ്വന്തം ചെലവില്‍ താത്കാലികമായി നിര്‍മിച്ചിരുന്നത്. കല്ലുപാലത്തിനു സമീപം നൗഷാദ് സ്റ്റോഴ്സ്, ഗൗരി മഹാള്, സ്വാമി ആന്‍ഡ് കോ, ഇംഗ്ലീഷ് കമ്പനി, ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, സിആര്‍ ലതര്‍ വര്‍ക്സ്, എസ്ടി റെഡ്യൂര് ബുക്ക് ഡിപ്പോ, സെന്റ് ജോര്‍ജ് അംബ്രല്ലാമാര്‍ട്ട്, ഹാജി ഹാറൂണ്‍ തയ്യമ്പ് & സണ്‍സ്, മീരാഹാജി ചൊകലിംഗ നാടാര്‍, സിപി കട, ആന്‍ഡ്രൂസ് ആന്‍ഡ് കമ്പനി എന്നീ വ്യാപാര സ്ഥാപനങ്ങളായിരുന്നു പന്തലുകള്‍ സജ്ജമാക്കാന്‍ തയാറായിരുന്നത്.
അന്ന് പിച്ചു അയ്യര്‍ ജംഗ്ഷനില്‍ പിച്ചു അയ്യര്‍ കുടുംബവകയായി സൗജന്യമായി സംഭാരം വിതരണം ചെയ്തിരുന്നു. ആലപ്പുഴയില്‍ അന്ന് കുടിവെള്ളം വിതരണം നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഓരോ അഞ്ഞൂറ് മീറ്റര്‍ ഇടവിട്ട് രാജഭരണകാലത്ത് സ്ഥാപിതമായിരുന്ന ആലപ്പി വാട്ടര്‍ വര്‍ക്സ് വക പാതവക്കത്തുള്ള പൊതുജലവിതരണ ടാപ്പുകളില്‍ ശുദ്ധമായ മൃദുല ജലം കുടിക്കാന്‍ ലഭിക്കുമായിരുന്നു.
ഇന്ന് കാലം മാറി, ആലപ്പുഴയിലെ വ്യാപാരവും വ്യവസായവും തുറമുഖവും എല്ലാം ഓര്‍മയായി. അതോടൊപ്പം പന്തലുകളും പൊതുജലവിതരണ സമ്പ്രദായവും എല്ലാം ഓര്മയായതായി ആലപ്പുഴയിലെ ഒരു മുതിര്‍ന്ന പൗരനും രാഷ്ടീയ സാമൂഹ്യപ്രവര്‍ത്തകനുമായ പി.ജെ. കുര്യന് ഓര്‍ക്കുന്നു.