73-ാം വയസിൽ 73 ചിത്രങ്ങളുടെ പ്രദർശനം
1279706
Tuesday, March 21, 2023 10:51 PM IST
ആലപ്പുഴ: ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരി ആലപ്പുഴ പൂന്തോപ്പ് സ്വദേശി രമണി ഗിരി അൻസേര 73-ാം വയസിൽ വരച്ച 73 ചിത്രങ്ങളുടെ പ്രദർശനം ആലപ്പുഴ ലളിതകലാ അക്കാഡമിയിൽ തുടക്കമായി. വിശ്രമജീവിതത്തിനിടയിൽ കൊച്ചുമക്കൾ ആവശ്യപ്പെടുന്ന രീതിയിൽ ചിത്രം വരച്ചു നൽകുമായിരുന്നു. മുത്തശി വരയ്ക്കുന്ന ചിത്രങ്ങൾ കണ്ട് കൊച്ചുമക്കൾ ആശ്ചര്യപ്പെട്ടു.
രമണിക്ക് കൊച്ചുമക്കൾ പിന്തുണ നൽകി. കൊച്ചുമക്കളിൽ നിന്ന് ലഭിച്ച പിന്തുണയാണ് 73-ാം വയസിൽ 73 ചിത്രങ്ങൾ വരച്ച് പ്രദർശനത്തിലെത്തിക്കാൻ കഴിഞ്ഞതെന്ന് രമണി ഗിരി പറഞ്ഞു.
കൊച്ചുമക്കൾക്കൊപ്പം മക്കളും മരുമക്കളും ചേർന്നതോടെ രമണി ചിത്രരചനയിലേക്കു കടന്നു. ചിത്രരചനയിൽ വലിയ താത്പര്യം ഇല്ലാതിരുന്ന രമണി ഗിരി അൻസേരയുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചത് ചിത്രകാരൻകൂടിയായ ഭർത്താവ് ഗിരി അൻസേരയാണ്. മുൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്ക് രമണി വരച്ചു നൽകിയ ചിത്രം കളക്ടറുടെ പ്രശംസയ്ക്കു കാരണമായി.
ഗിരി അന്സേര സ്കൂൾ ഓഫ് ആർട്സിന്റെ പേരിൽ നടത്തുന്ന പ്രദർശനം ഏപ്രിൽ 5 വരെ തുടരും. ചിത്രപ്രദർശനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. മാവേലിക്കര രാജാ രവിവർമ സ്കൂൾ ഓഫ് ഫൈൻ ആർട്സ് ലക്ചറർ ലിൻസി സാമുവൽ, ചിത്രകാരൻ കെ. മോഹൻകുമാർ, സായ് ശ്രീധർ കുറ്റുവേലി, നഗരസഭ കൗൺസിലർ പി. രതീഷ്, മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷൈനി മൈക്കിൾ, സെന്റ് ജോസഫ്സ് കോളജ് അസി. പ്രഫ. മേരി റിയ ഡിക്കോത്ത്, ചിത്രകലാ അധ്യാപകരായ മഞ്ജു ബിജുമോൻ, ഡെൽഫിൻ ജോണി എന്നിവർ പ്രസംഗിച്ചു.