ബാബു മടങ്ങി നിറമനസോടെ
1265992
Wednesday, February 8, 2023 9:25 PM IST
അമ്പലപ്പുഴ: വീടും സ്ഥലവും ജപ്തി ചെയ്തതിനെത്തുടർന്ന് നാലുവർഷം മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കിടപ്പാടമാക്കിയ ബാബു നിറമനസോടെ മടങ്ങി. കൊച്ചി പള്ളുരുത്തി സ്വദേശി ബാബു (50), ഭാര്യ ഗായത്രി (43) എന്നിവരാണ് ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ മടങ്ങിയത്. കാലിൽ വൃണം വന്ന് പൊട്ടിയതിനെ ത്തുടർന്ന് ഒരുമാസമായി സർജറി വിഭാഗം ഡോ. ജോബി ജോണിന്റെ നേതൃത്വത്തിൽ ചികിത്സയിലായിരുന്നു.
തുടർ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സഹായികളായിരുന്നു ഇരുവരും. എറണാകുളം ജനറൽ ആശുപത്രിയിലേക്കു പോകാൻ പണമില്ലാതെ വന്നതോടെയാണ് പൊതുപ്രവർത്തകരായ, യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിതാ ഗോപിനാഥ്, നിസാർ വെള്ളാപ്പള്ളി, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, നിസാർ അമ്പലപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് ആംബുലൻസ് സൗകര്യമേർപ്പെടുത്തിയത്.