എടത്വ ആരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സിന് അന്തിമയക്കം
1265732
Tuesday, February 7, 2023 11:10 PM IST
എടത്വ: സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ സേവനം വൈകിട്ട് ആറുവരെ നീട്ടിയെങ്കിലും108 ആംബുലന്‍സിന് അന്തിമയക്കം. ഇരുട്ടു വീണാല്‍ ആംബുലന്‍സിന്റെ സേവനം നോക്കേണ്ട.
ആംബുലന്‍സിന്റെ സേവനം പകല്‍ മാത്രമാക്കി ചുരുക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം അതതു മണ്ഡലത്തിലെ എംഎല്‍എമാര്‍ ഇടപെട്ടു മാറ്റികൊണ്ടിരിക്കുമ്പോള് എടത്വ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു.
വിളിക്കേണ്ട, ഇല്ല
എസി റോഡ് നവീകരണത്തെത്തുടര്‍ന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തിരക്ക് വർധിച്ചതിനാൽ വാഹനാപകടങ്ങളും പെരുകിയിട്ടുണ്ട്. രാത്രിയിൽ അപകടത്തില്‍ പെടുന്നവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ തിരുവല്ലയില്നിന്നോ ഹരിപ്പാട്ടുനിന്നോ ആംബുലന്‍സ് എത്തേണ്ട സ്ഥിതിയാണ്. ഈ സമയത്തിനുള്ള അപകടത്തില്‍പെട്ടവരുടെ നില അതീവ ഗുരുതരമാകുകയും ജീവഹാനി സംഭവിക്കാനും ഇടയുണ്ട്. ഗുരുതര രോഗികളുടെ കാര്യവും വ്യത്യസ്തമല്ല. അടിയന്തരഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്വകാര്യ വാഹനമോ സ്വകാര്യ ആംബുലന്‍സോ തേടേണ്ട അവസ്ഥയാണ്.
പരാതി പറഞ്ഞു മടുത്തു
108 ആംബുലന്‍സിന്റെ സേവനം 24 മണിക്കൂര്‍ ആക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതി നിരവധി തവണ ആരോഗ്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍, മന്ത്രിതല നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
നിലവില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെ മാത്രമാണ് 108 ആംബുലന്‍സിന്റെ സേവനം എടത്വ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ലഭിക്കുന്നത്. ഒപിക്കു പുറമേ ഡോക്ടര്‍മാരുടെ സേവനം വൈകിട്ട് ആറുമുതൽ വരെ നീട്ടിയപ്പോള്‍ ആംബുലന്‍സ് സേവനം 24 മണിക്കൂര്‍ ആക്കണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.