ഉന്നത വിദ്യാഭ്യാസമേഖലയിൽ ലക്ഷ്യമിടുന്നത് വലിയ കുതിപ്പെന്ന് സ്പീക്കർ എ.എൻ. ഷംസീർ
1265422
Monday, February 6, 2023 10:54 PM IST
ചെങ്ങന്നൂർ: ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ കുതിപ്പിനാണ് കേരളം ലക്ഷ്യമിടുന്നതെ ന്നും ഉന്നതവിദ്യാഭ്യാസം നേടുന്ന ഒരു വിഭാഗം വിദ്യാർഥികൾ തുടർന്ന് കേരളത്തിൽ നിൽക്കാത്ത സാഹചര്യം നിലവിലുണ്ടെ ന്നും നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. വിദ്യാർഥികൾ ഇവിടെതന്നെ തുടരുവാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വർക്ക് നിയർ ഹോം സംസ്കാരം വികസിപ്പിക്കും. ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജിൽ കഴിഞ്ഞ നാലു ദിവസമായി നടന്നുവന്ന സാങ്കേതിക സാംസ്കാരിക സംരംഭകത്വ മേള തരംഗ് 23ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് അധ്യക്ഷനായി. ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടർ വി.എ. അരുൺ, ഡോ.പി. എസ്. ശ്രീകല, അഡ്വ. ജോർജ് തോമസ്, ബി. കൃഷ്ണകുമാർ, ഉമ്മൻ ആലുംമ്മൂട്ടിൽ, ജേക്കബ് മാത്യു മുല്ലശേരിൽ, ഡോ.വി. ജേക്കബ് തോമസ്, ആർ. ശ്രീരജ്, ഡോ.എസ് സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.