കളഞ്ഞു കിട്ടിയ 10 പവൻ സ്വർണവും 28000 രൂപയും തിരികെ നൽകി യുവതി മാതൃകയായി
1264907
Saturday, February 4, 2023 11:21 PM IST
ഹരിപ്പാട് : കളഞ്ഞു കിട്ടിയ 10 പവൻ സ്വർണവും 28000 രൂപയും തിരികെ നൽകി യുവതി മാതൃകയായി. കണ്ടല്ലൂർ തെക്ക് പുത്തൻവീട്ടിൽ നെസിയാണ് തനിക്ക് കിട്ടിയ സ്വർണവും പണവും തിരികെ നൽകിയത്.
ആറാട്ടുപുഴ വട്ടച്ചാൽ വെട്ടുപറമ്പിൽ സിമിമോളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പെരുമ്പളളി പാലം-രാമഞ്ചേരി എസ്.എൻ. നഗർ റോഡിൽ വെച്ചാണ് രണ്ടു മാല, വള, അഞ്ചു മോതിരം, അഞ്ചു ജോടി കമ്മൽ ഉൾപ്പെടെയുളള സ്വർണവും പണവും അടങ്ങുന്ന പേഴ്സ് കിട്ടിയത്. നെസി ഉടൻതന്നെ കനകക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് ഏൽപിച്ചു. പേഴ്സിൽനിന്ന് ലഭിച്ച ആധാർ കാർഡുൾപ്പെടെയുളള രേഖകളിൽ നിന്നാണ് ഉടമയെ തിരിച്ചറിഞ്ഞത്.
പെരുമ്പളളി, പുല്ലുകുളങ്ങര-സർവീസ് സഹകരണബാങ്കുകളിലായി പണയം വച്ചിരുന്ന സർണം തിരികെ എടുത്തശേഷം സിമി ഭർത്താവ് രവിദാസിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ പേഴ്സ് നഷ്ടപ്പെട്ടത്.
യാത്രയ്ക്കിടയിൽ പേഴ്സ് നോക്കിയപ്പോൾ കാണാത്തതിനെ തുടർന്ന് യാത്ര ചെയ്ത സ്ഥലങ്ങളിൽ അന്വേഷിക്കുന്നതിനിടയിലാണ് പോലീസ് സ്റ്റേഷനിൽനിന്ന് വിവരം അറിയിക്കുന്നത്. എസ്എച്ച്ഒ വി. ജയകുമാർ, എസ്ഐ എം. ഷാജഹാൻ, എഎസ്ഐമാരായ ജയചന്ദ്രൻ, രജീന്ദ്ര ദാസ്, പോലീസ് ഉദ്യോഗസ്ഥരായ കെ.സി. സതീശൻ, എസ്.ആർ. ഗിരീഷ് എന്നിവരുടെ സാനിധ്യത്തിൽ സിമിമോൾക്ക് നെസി പേഴ്സ് കൈമാറി.
വീട്ടമ്മയായ നെസി ചെറിയ തയ്യൽ ജോലിയും ചെയ്തു വരുകയാണ് റിട്ട. സൈനികനായ ഷംനാദാണ് ഭർത്താവ്.
അവസാന വർഷ എംബിബിഎസ് വിദ്യാർഥി ഷെഹീർ, എൻട്രൻസ് പരിശീലനം നടത്തിവരുന്ന സോനാമോൾ എന്നിവരാണ് മക്കൾ. നെസിയുടെ നല്ല മനസ്സിനെ കനകക്കുന്ന് ജനമൈത്രി പോലീസ് അഭിനന്ദിച്ചു.