പഠനം മുന്നേറാൻ സൈദ്ധാന്തിക അറിവുകള്‍ മാത്രം പോര: മന്ത്രി ബിന്ദു
1264570
Friday, February 3, 2023 11:19 PM IST
ചെങ്ങന്നൂര്‍: സൈദ്ധാന്തീകമായ അറിവുകള്‍ മാത്രം പോര അവയെ പ്രായോഗിക രൂപത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന വിധത്തിലാണ് പഠനം മുന്നേറേണ്ടതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ഐച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ എൻജിനിയറിംഗ് കോളജില്‍ നടക്കുന്ന സാങ്കേതിക സാംസ്കാരിക സംരംഭകത്വ വിപണന തൊഴില്‍മേള തരംഗ് 23 ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയ സമൂഹത്തെ നവ വൈജ്ഞാനിക സമൂഹമായി ഉയര്‍ത്തുവാനുള്ള ശ്രമത്തില്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷനായി.
ചെങ്ങന്നൂര്‍ പെരുമ പരിപാടിയുടെ തുടര്‍ച്ചയായി തരംഗ് 23 മാറിയെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ചെങ്ങന്നൂര്‍ എൻജിനിയറിംഗ് കോളേജ് ക്യാംപസില്‍ അധുനിക സൗകര്യങ്ങളോടുകൂടിയ ടര്‍ഫ് കോര്‍ട്ട് നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്,നഗരസഭ ചെയര്‍പേഴ്സണ്‍ സൂസമ്മ എബ്രഹാം, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിന് പി. വര്‍ഗീസ്, വി. വിജി, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.പി. സുരേഷ് കുമാര്‍, ഡോ.വി.എ. അരുണ്‍കുമാര്‍, ഡോ.ജെ. ദീപ, എം. ശശികുമാര്‍, കെ ബിജുമോന്, ലത മോള് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്വീണ് കോളജ് പ്രിന്‍സിപ്പൽ ഡോ. സ്മിത ധരന്‍ സ്വാഗതവും ഡോ കെ.ടി. ഷാനവാസ് നന്ദിയും പറഞ്ഞു. സിനിമ താരം നവ്യ നായരുടെ നൃത്ത പരിപാടിയും നടന്നു.